തിരക്കിന് പിഴയടിക്കാന്‍ വലിയ തിരക്കുമായി പോലീസ്; റോഡ് തടഞ്ഞും പെറ്റിയടിച്ച് ഏമാൻമാർ

Share now

പാറശ്ശാല : കോവിഡ് നിയന്ത്രണ നിയമലംഘനത്തിനും റോഡിൽ തിരക്കുണ്ടാക്കിയതിനും പിഴയീടാക്കുന്നതിനായി ആൾക്കൂട്ടം സൃഷ്ടിച്ച് ഹൈവേ പോലീസ്. പാറശ്ശാലയ്ക്കു സമീപം പവതിയാൻവിള ജങ്ഷനിലാണ് ഇത്തരത്തിൽ ഹൈവേ പോലീസ് പിഴയീടാക്കിയത്.

ഞായറാഴ്ച രാവിലെ പത്തരയോടുകൂടിയാണ് ഹൈവേ പോലീസ് പവതിയാൻവിളയിൽ വാഹനപരിശോധന ആരംഭിച്ചത്.

റോഡിൽ ഒരു വാഹനത്തിനുമാത്രം കടന്നുപോകുവാൻ മാത്രം സാധിക്കുന്ന തരത്തിൽ തടസ്സം സൃഷ്ടിച്ച ശേഷമാണ് പരിശോധന നടത്തിയത്. ഇരുചക്രവാഹനത്തിൽ എത്തിയവരെയും റോഡരികിൽ നിന്നവരെയും പിടികൂടിയായിരുന്നു പരിശോധന. ഒരുവാഹനം പരിശോധിച്ച ശേഷമേ അടുത്ത വാഹനം തടഞ്ഞു നിർത്താൻ പാടുള്ളൂവെന്ന ഡി.ജി.പി.യുടെ ഉത്തരവിന് കടകവിരുദ്ധമായി ഒരേസമയം പത്തിലധികം വാഹനങ്ങളെ പിടികൂടിയാണ് പിഴയീടാക്കിയത്.

തടഞ്ഞ വാഹനങ്ങളുടെ രേഖകളോ വാഹനങ്ങളോ പരിശോധിക്കാതെയായിരുന്നു പിഴയീടാക്കൽ.

ഈ സമയം സ്ഥലത്തെത്തിയ ഇരുചക്രവാഹന യാത്രക്കാരെ കൂട്ടമായി പിടികൂടി കോവിഡ് നിയന്ത്രണ നിയമലംഘനത്തിനാണ് പിഴയീടാക്കിയത്.

സാമൂഹിക അകലംപോലും പാലിക്കാതെയാണ് ഹൈവേ പോലീസിന്റെ വാഹനത്തിന് മുന്നിൽ പിഴയടയ്‌ക്കുന്നതിനായി ജനം കൂട്ടംകൂടിയത്.


Share now