ലോക്‌സഭയില്‍ സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ പ്രതിഷേധവുമായി പ്രതിപക്ഷം; തൃണമൂല്‍ അംഗങ്ങള്‍ സഭയിലെത്തിയത് സൈക്കിള്‍ ചവിട്ടി

Share now

പാര്‍ലമെന്റില്‍ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞയോടെ വര്‍ഷകാല സമ്മേളനത്തിന് തുടക്കമായി. തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിക്കാന്‍ എഴുന്നേറ്റതോടെ പ്രതിപക്ഷം പ്രതിഷേധം ഉയര്‍ത്തി. ഫോണ്‍ ചോര്‍ത്തല്‍, കര്‍ഷക പ്രക്ഷോഭം, ഇന്ധന വില വര്‍ധനവ്, കൊവിഡ് പ്രതിരോധത്തിലെ പാളിച്ച, ഫാ. സ്റ്റാന്‍ സ്വാമിയുടെ മരണം തുടങ്ങിയ പ്രധാന വിഷയങ്ങള്‍ സഭയില്‍ ഉന്നയിക്കാനാണ് പ്രതിപക്ഷ തീരുമാനം. ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ച് സൈക്കിള്‍ ചവിട്ടിയാണ് തൃണമൂല്‍ അംഗങ്ങള്‍ സഭയിലേക്ക് എത്തിയത്. പ്രതിഷേധ സൂചകമായി പ്ലക്കാര്‍ഡുകള്‍ വെച്ചുകൊണ്ടാണ് ഇവര്‍ പാര്‍ലമെന്റിലേക്ക് സൈക്കിളില്‍ എത്തിയത്.

ഇന്നലെ പുറത്ത് വന്ന പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിഷയത്തില്‍ ആര്‍എസ്പി എംപി എന്‍ കെ പ്രേമചന്ദ്രനും, കോണ്‍ഗ്രസ് എംപി കൊടിക്കുന്നില്‍ സുരേഷും അടിയന്തര പ്രമേയത്തിന് അവതരാണാനുമതി തേടി നോട്ടീസ് നല്‍കിയിട്ടുണ്ട്. ദില്ലിയില്‍ സിറോ മലബാര്‍സഭയുടെ പള്ളി പൊളിച്ചുനീക്കിയ സംഭവത്തിലും ഭീമ കൊറേഗ്വാവ് കേസില്‍ ജയിലില്‍ കഴിയവേ മുനഷ്യാവകാശപ്രവര്‍ത്തകന്‍ കൂടിയായ ഫാ സ്റ്റാന്‍ സ്വാമി മരിച്ച സംഭവത്തിലും ചര്‍ച്ചയാവശ്യപ്പെട്ട് ഡീന്‍ കുര്യാക്കോസ് എംപിയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

കര്‍ഷക പ്രക്ഷോഭം ചട്ടം 267 പ്രകാരം ചര്‍ച്ച എന്ന് ആവശ്യപ്പെട്ട് ഇടത് എംപിമാരായ എളമരം കരീം, വി ശിവദാസന്‍ എന്നിവരും രാജ്യസഭയില്‍ നോട്ടീസ് നല്‍കി. ഫോണ്‍ ചോര്‍ത്തലില്‍ ചര്‍ച്ചയാവശ്യപ്പെട്ടും ബിനോയ് വിശ്വം രാജ്യസഭയില്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. പാര്‍ലമെന്റില്‍ ക്രിയാത്മകമായ ചര്‍ച്ചക്ക് പ്രതിപക്ഷം തയ്യാറാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടു. സഭാ നടപടികള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ അനുവദിക്കണമെന്നും, കൊവിഡ് വ്യാപനത്തെ കുറിച്ച് പാര്‍ലമെന്റില്‍ ചര്‍ച്ചയാകാമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഓഗസ്റ്റ് 13 വരെ 19 സിറ്റിംഗാണ് ഈ സമ്മേളനത്തിലുള്ളത്. കൊവിഡ് പ്രോട്ടോകോള്‍ പ്രകാരമുള്ള നിയന്ത്രണങ്ങളോടെയാകും സമ്മേളനം നടക്കുക. പഞ്ചാബില്‍ നിന്നുള്ള അംഗങ്ങള്‍ ഇരുസഭകളിലും കര്‍ഷക സമരം ഉയര്‍ത്തിയാകും സര്‍ക്കാരിനെതിരെ നീങ്ങുക.


Share now