കുന്നത്തുനാട് സീറ്റ് 30 കോടിക്ക് വിറ്റെന്ന് സേവ് സിപിഎം ഫോറം; വിറ്റത് സെക്രട്ടറിയോ, സെക്രട്ടറിയേറ്റോ?; പേയ്‌മെന്റ് സീറ്റെന്ന ആക്ഷേപം ശക്തമാകുന്നു; സജീന്ദ്രനെതിരെ ഇത്തവണയും വ്യാജ പ്രചരണങ്ങളുമായി ശ്രീനിജനും കൂട്ടരും; സര്‍ക്കാര്‍ രേഖകള്‍ വളച്ചൊടിച്ച് പ്രചരണം നടത്തുന്നുവെന്ന് എംഎല്‍എ

Share now

കൊച്ചി: തിരഞ്ഞെടുപ്പ് അടുത്തതോടെ പയറ്റി തേഞ്ഞുപോയ കുതന്ത്രങ്ങളുമായി സിപിഎമ്മും അവരുടെ ചാവേറുകളും കുന്നത്തുനാട്ടില്‍ തലപൊക്കി തുടങ്ങി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എംഎല്‍എ വി.പി സജീന്ദ്രനെതിരെ തൊടുത്ത് വിട്ട അതേ തട്ടിപ്പ് പ്രചരണങ്ങളുമായി യൂത്ത് കോണ്‍ഗ്രസ് മുന്‍ ഭാരവാഹി പി.വി ശ്രീനിജന്‍.

2011 ല്‍ മത്സരിച്ച എം.എ സുരേന്ദ്രനും 2016ല്‍ മത്സരിച്ച ഇപ്പോഴത്തെ വനിതാ കമ്മീഷന്‍ അംഗം അഡ്വ. ഷിജി ശിവജിയും സ്ഥാനാര്‍ത്ഥി പട്ടികയില്‍ സജീവമായി ഉള്ളപ്പോള്‍ മറ്റൊരു വിവാദ നായകനും അടുത്ത കാലത്ത് സി.പി.എം ല്‍ ചേര്‍ന്ന യൂത്ത് കോണ്‍ഗ്രസ് മുന്‍ ഭാരവാഹിയുമായ പി.വി. ശ്രീനിജന്റെ പേരിനെ ചൊല്ലി സിപിഎമ്മില്‍ വലിയ തോതില്‍ അമര്‍ഷം ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. കുന്നത്തുനാട് സീറ്റ് 30 കോടി രൂപയ്ക്ക് വിറ്റത് ആര് എന്ന ചോദ്യം ഉയര്‍ത്തി നിയോജക മണ്ഡലത്തിലെ നിരവധി കേന്ദ്രങ്ങളില്‍ പോസ്റ്ററുകള്‍ സേവ് സി.പി. എം ഫോറം എന്ന ലേബലില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സിപിഎം സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ എറണാകുളത്ത് പ്രതിഷേധം ശക്തമായിരിക്കുന്നത്. കുന്നത്തുനാട് മണ്ഡലത്തിലാണ് ശ്രീനിജന് സീറ്റ് വില്‍ക്കാന്‍ ശ്രമിക്കുന്നതിനെ ചൊല്ലി പരാതികള്‍ ഉയര്‍ന്നിട്ടുള്ളത്. കുന്നത്തുനാട് സീറ്റ് 30 കോടിക്ക് വിറ്റെന്ന് സേവ് സിപിഎം ഫോറത്തിന്റെ പേരില്‍ പോസ്റ്ററുകള്‍ പതിച്ചു. ശ്രീനിജിന് സ്ഥാനാര്‍ത്ഥിത്വം നല്‍കുന്നതിനെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്നും തന്നെ അമര്‍ഷം ഉയരുന്നതില്‍ ജില്ലാ നേതൃത്വം അങ്കലാപ്പിലാണ്.

‘കുന്നത്തുനാട് സീറ്റ് 30 കോടിക്ക് വിറ്റത് ആരാണ് സെക്രട്ടറിയോ സെക്രട്ടറിയേറ്റോ പ്രതിഷേധിക്കുക സഖാക്കളെ’ എന്നാണ് പോസ്റ്റര്‍. സ്ഥാനാര്‍ത്ഥി നിര്‍ണയം പുനപരിധിക്കണം എന്നതടക്കമുള്ള ആവശ്യങ്ങളും പോസ്റ്ററിലൂടെ ഉന്നയിക്കപ്പെടുന്നു. മുന്‍ യൂത്ത് കോണ്‍ഗ്രസ് ഭാരവാഹി കൂടിയായ ശ്രീനിജന്‍ ഇവിടെ സ്ഥാനാര്‍ത്ഥിയായേക്കുമെന്ന് പ്രചാരണമുണ്ട്. നേരത്തെ സിപിഎമ്മില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ള ആളുകളിരിക്കെ, ശ്രീനിജനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരെ ഒരു വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രതിഷേധമാണ് പോസ്റ്ററിലൂടെ പുറത്ത് വരുന്നത്. ഈ സീറ്റ് പേമെന്റ് സീറ്റാണെന്നാണ് ഉയരുന്ന ആരോപണം. എത്ര രൂപ മുടക്കിയും സീറ്റ് കൈക്കലാക്കാനാണ് ശ്രീനിജന്‍ ശ്രമിക്കുന്നതെന്നാണ് വിമത ചേരിയുടെ ആക്ഷേപം.

ട്വന്റി ട്വന്റി യുടെ ആസ്ഥാനമായ കിഴക്കമ്പലം പഞ്ചായത്തില്‍ ട്വന്റി ട്വന്റി യെ എതിര്‍ക്കുന്നത് യു.ഡി. എഫ് ആണ്. എല്‍.ഡി. എഫ് പേരിന് പോലും ഇല്ലാത്ത അവസ്ഥയിലാണ്.

പാര്‍ട്ടിയില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നവരെ ഒഴിവാക്കി പണവുമായി വരുന്നവരെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ പാര്‍ട്ടിക്ക് വലിയ വില കൊടുക്കേണ്ടി വരുമെന്നും ഒരു വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകര്‍ കരുതുന്നു. തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ മറ്റ് പഞ്ചായത്തുകളിലും കിഴക്കമ്പലത്തേപ്പോലെ എല്‍. ഡി. എഫ് ഇല്ലാതാവുമെന്നും ഒരു വിഭാഗം കരുതുന്നു. പട്ടികജാതി സംവരണ മണ്ഡലമാണു കുന്നത്തുനാട്. കോട്ടയം സ്വദേശിയായ സജീന്ദ്രന്‍ മുന്‍പു രണ്ടു തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ വൈക്കത്തു സ്ഥാനാര്‍ത്ഥിയായിട്ടുണ്ട്. എറണാകുളം ജില്ലയില്‍ കുന്നത്തുനാട് ഉള്‍പ്പെടെ 5 സീറ്റുകളില്‍ മത്സരിക്കാനാണു ട്വന്റി20യുടെ നീക്കം.

സൗമ്യമായ പെരുമാറ്റം കൊണ്ട് എതിരാളികളുടെ പോലും ആദരവ് പിടിച്ചുപറ്റിയിട്ടുള്ള സജീന്ദ്രനെ രാഷ്ട്രീയമായി എതിരിടാനുള്ള ആര്‍ജ്ജവമില്ലാത്ത ഘട്ടങ്ങളിലൊക്കെയാണ് ശ്രീനിജനും സിപിഎമ്മും ചേര്‍ന്ന് വ്യാജ പ്രചരണങ്ങള്‍ നടത്തുന്നത്. ഇത്തവണ എംഎല്‍എയും പേഴ്‌സണല്‍ സ്റ്റാഫും അനധികൃത ബാങ്കിടപാട് നടത്തിയെന്ന കല്ലുവെച്ച നുണയാണ് പ്രചരിപ്പിക്കാന്‍ ശ്രമിച്ചത്. ബാങ്കിടപാടുകളെക്കുറിച്ചും സ്വത്ത് വകകളെക്കുറിച്ചുമുള്ള രേഖകള്‍ സഹിതം സജീന്ദ്രന്‍ മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ എത്തിയതോടെ ആരോപണങ്ങളുടെ മുന ഒടിഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പിലും സജീന്ദ്രനെയും കുടുംബത്തെയും ഹീനമായ തരത്തില്‍ വേട്ടയാടാന്‍ ഇക്കൂട്ടര്‍ ശ്രമിച്ചിരുന്നു. ഇത്തരം വേട്ടയാടലുകള്‍ ഇനിയും ഉണ്ടാകാന്‍ സാധ്യതയുണ്ട്. സര്‍ക്കാര്‍ രേഖകള്‍ ദുര്‍വ്യാഖ്യാനം ചെയ്താണ് എതിരാളികള്‍ തനിക്കെതിരെ പ്രചരണം നടത്തുന്നതെന്ന് സജീന്ദ്രന്‍ പടവാള്‍ ഡോട് കോമിനോട് പറഞ്ഞു.


Share now