ചാനലുകളുടെ‌ പെയ്ഡ് സര്‍വ്വെകള്‍ ആരെ രക്ഷിക്കാന്‍; കടലുവരെ വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്ന പിണറായിയെ വെള്ളപൂശാനെന്ന് വ്യക്തം; ചാനല്‍ മുതലാളിമാരുടെ രാഷ്ട്രീയമാണ് സര്‍വ്വെകളുടെ അടിസ്ഥാനം

Share now

ഇക്കഴിഞ്ഞ ദിവസം കേരളത്തിലെ രണ്ട് പ്രമുഖ ന്യൂസ് ചാനലുകള്‍ പ്രീപോള്‍ സര്‍വ്വെ ഫലം പുറത്തുവിട്ടിരുന്നു. ഒറ്റ നോട്ടത്തില്‍ രണ്ട് ചാനലുകളുടേതും പിണറായി സര്‍ക്കാരിന്റെ തുടര്‍ഭരണം ഉറപ്പാക്കുന്നതിന് വേണ്ടിയുള്ള തട്ടിക്കൂട്ട് സര്‍വ്വെകള്‍ എന്ന് വ്യക്തം

നിലവില്‍ 90 സീറ്റുള്ള പാര്‍ട്ടിയും മുന്നണിയും 71-ലേക്ക് കൂപ്പുകുത്തുന്നു എന്നാണ് ഏഷ്യാനെറ്റ് സര്‍വ്വെയിലെ കണ്ടെത്തല്‍. ഒരു മാസം മുമ്പ് നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞുവെന്ന് അന്തം കമ്മികള്‍ പറഞ്ഞുപരത്തുന്ന ഐക്യമുന്നണിയും അതിന് നേതൃത്വം കൊടുക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയും 65 സീറ്റിലേക്ക് എത്തുമെന്നാണ് ചാനലിന്റെ ഉടമയായ ബി.ജെ.പി നേതാവിന് വേണ്ടി പറയുന്നത്. പിണറായി വിജയന്റെ അടുപ്പക്കാരനായ ബ്ലേഡ് കമ്പനി മുതലാളി നയിക്കുന്ന ചാനല്‍ പറയുന്നത് 72 സീറ്റ് എല്‍.ഡി.എഫന് ലഭിക്കുമെന്നാണ്.

തദ്ദേശ തെരെഞ്ഞെടുപ്പില്‍ 99 സീറ്റുകളില്‍ മേല്‍ക്കൈ നേടിയെന്ന് പറയുന്ന മുന്നണിയാണ് ഒരു മാസം പിന്നിടുമ്പോള്‍ 71ലും 72ലും എത്തി നില്‍ക്കുന്നതെന്നാണ് രണ്ട് ചാനലുകളുടെ പ്രവചനം. എല്‍ഡി.എഫിനേക്കാള്‍ ബഹുദൂരം പിന്നിലായിരുന്ന യു.ഡി.എഫ് 65 മുതല്‍ 67 വരെ സീറ്റ് നേടുമെന്ന കണ്ടെത്തല്‍ അംഗീകരിക്കാനോ യു.ഡി.എഫ് മുന്നോട്ട് കുതിക്കുകയാണെന്നോ ജനങ്ങളെ അറിയിക്കാതിരിക്കാനുള്ള പെയ്ഡ് സര്‍വ്വെകളായിരുന്നു ഇതു രണ്ടുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. പ്രതിദിനം ലക്ഷങ്ങള്‍ പരസ്യയിനത്തില്‍ നല്‍കുന്ന സര്‍ക്കാരിന് ഇങ്ങനെ രണ്ട് തട്ടിക്കൂട്ട് സര്‍വ്വെകള്‍ നടത്താന്‍ അല്‍പം തുട്ടു വിതറാന്‍ ഒരു ബുദ്ധിമുട്ടുമില്ല.

കേവല ഭൂരിപക്ഷത്തിന് അടുത്ത് ഇടതുമുന്നണിയെ കഷ്ടിച്ച് എത്തിക്കാനുള്ള പെടാപാടായിരുന്നു രണ്ട് സര്‍വ്വെകളിലും കണ്ടത്. ഫലത്തില്‍ യു.ഡി.എഫിന് തിരിച്ചടിയെന്ന് സര്‍വ്വെ വ്യാഖ്യാനിക്കുമ്പോള്‍ തദ്ദേശ തെരെഞ്ഞെടുപ്പില്‍ വിജയിച്ച എല്‍.ഡി.എഫന് കഷ്ടിച്ചുള്ള കേവല ഭൂരിപക്ഷം ചൂണ്ടിക്കാട്ടുന്നത് ഇടതുമുന്നണിയുടെ രാഷ്ട്രീയ തകര്‍ച്ച തന്നെയാണ്. പതിനായിരം പേരില്‍ നിന്ന് ശേഖിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കേരളത്തില്‍ തുടര്‍ഭരണമുണ്ടാകുമെന്ന വാദം ചാനലുകള്‍ ഉയര്‍ത്തുന്നത്. എന്നാല്‍ ഈ സാമ്പിളുകളുടെ ആധികാരിക തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്. 24 ചാനലിന് വേണ്ടി സർവേ നടത്തിയ പോള്‍ ട്രാക്കര്‍ എന്ന ഏജന്‍സി സെഫോളജി രംഗത്തെ വിദഗ്ധരാണോയെന്ന സംശയവും ബാക്കിയാവുന്നു. സര്‍വ്വെഫലം പുറത്ത് വരുന്നതിന് രണ്ട് ദിവസം മുമ്പ് ബി.ജെ.പിയില്‍ ചേര്‍ന്ന ഇ. ശ്രീധരന്‍ മുഖ്യമന്ത്രിയാകുമെന്ന് പത്ത് ശതമാനം പേരുടെ പിന്തുണയുള്ളതായാണ് 24 സര്‍വ്വെ പറയുന്നത്. ഇങ്ങനെ സമാന്യ ബുദ്ധിക്കും യൂക്തിക്കും നിരക്കാത്ത മണ്ടത്തരങ്ങളാണ് ഇരു സര്‍വ്വെകളിലും പ്രകടമായത്.

സര്‍വ്വെയില്‍ പങ്കെടുത്തവരെ എങ്ങനെ തെരെഞ്ഞെടുത്തു, അവരെ വീടുകളില്‍ കയറിയിറങ്ങി ഇന്റര്‍വ്യൂ ചെയ്‌തോ? അതോ വഴിയില്‍ കണ്ടവരെ പിടിച്ചു ഇന്റര്‍വ്യൂ ചെയ്‌തോ, അതില്‍ ചോദ്യം ചോദിച്ചവരില്‍ എത്ര പേര് ഒഴിഞ്ഞു മാറി പോയി, (കൂടുതല്‍ പേര് ഒഴിഞ്ഞു മാറിയെങ്കില്‍, പ്രശ്‌നമാണ്.), സ്ഥലം, പ്രായം, തൊഴില്‍, സാമൂഹിക-സാമ്പത്തിക പശ്ചാത്തലം എന്നിവയും വ്യക്തമാകേണ്ടതുണ്ട്. ഇതില്‍ ഓരോ ഘടകത്തിനും സാംഗത്യമുണ്ട്. റോഡില്‍ നിന്നോ പൊതു സ്ഥലങ്ങളില്‍ നിന്നോ കിട്ടിയതാണെങ്കില്‍, ചോദിച്ചപ്പോള്‍ ഉടനെ തയ്യാറായി അല്ലെങ്കില്‍ കൂടുതല്‍ താല്പര്യം കാണിച്ചവരാണെങ്കില്‍ വ്യത്യാസമുണ്ട്. വീടുകളില്‍ പോയി കണ്ടു പിടിച്ചു ഇന്റര്‍വ്യൂ ചെയ്യപ്പെട്ട വീട്ടമ്മമാരും, താല്‍പര്യമില്ല എന്ന് പറഞ്ഞു ഒഴിഞ്ഞവരെ ‘ഇന്‍സെന്റീവ്’ കൊടുത്തു ഇന്റര്‍വ്യൂ ചെയ്യപ്പെട്ടവരും തമ്മില്‍ വ്യത്യാസമുണ്ട്.

ഇതെല്ലം ഒരേ സാമ്പിളുകളല്ല. ഇത്തരം നിരവധി സംശയങ്ങളാണ് സര്‍വ്വെയുടെ ആധികാരികതയെക്കുറിച്ച് നിരവധി കോണുകളില്‍ നിന്നുമുയരുന്നത്. തെരെഞ്ഞെടുപ്പില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതിനു വേണ്ടി നടത്തുന്ന ഒരു പി.ആര്‍ എക്‌സെര്‍സൈസ് ആയാണ് ഇത്തരം സര്‍വ്വെകളെ വിലയിരുത്തപ്പെടുന്നത്. ഏറ്റവും ഒടുവില്‍ ബീഹാറില്‍ നടന്ന തെരെഞ്ഞെടുപ്പില്‍ ഒരുമാതിരിപ്പെട്ട എല്ലാ സര്‍വ്വെ ഏജന്‍സികളും ആര്‍.ജെ.ഡി നയിച്ച മഹാഗഡ്ബന്ദന്‍ അധികാരത്തില്‍ വരുമെന്നായിരുന്നു പ്രവചിച്ചത്. 2019ലെ പൊതു തെരെഞ്ഞെടുപ്പില്‍ 24 ചാനല്‍ നടത്തിയ സര്‍വ്വെയില്‍ 18 സീറ്റ് എല്‍.ഡി.എഫിന് കിട്ടുമെന്നായിരുന്നു പ്രവചനം. എന്നാല്‍ ഈ പ്രവചനങ്ങള്‍ എല്ലാം തെറ്റാണെന്ന് പിന്നീട് പുറത്തുവന്ന തെരെഞ്ഞെടുപ്പ് ഫലങ്ങള്‍ വ്യക്തമാക്കുന്നു.

ഏറ്റവും ജനപിന്തുണയുള്ള മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരെന്ന ചോദ്യത്തിന് സി.പി.എമ്മില്‍ നിന്ന് രണ്ട് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥികള്‍ വരുമ്പോള്‍ യു.ഡി.എഫില്‍ നിന്ന് അഞ്ച് പേരുടെ പേരാണ് ഏഷ്യാനെറ്റ് സര്‍വ്വെയില്‍ ഉള്‍പ്പെടുത്തിയത്. അതുകൊണ്ട് തന്നെ പിണറായി വിജയന് കിട്ടിയ പിന്തണയേക്കാള്‍ കൂടുതലാണ് യു.ഡി.എഫ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിച്ചിരിക്കുന്നത്. കോണ്‍ഗ്രസില്‍ നിന്ന് അഞ്ച് പേര്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുമ്പോള്‍ സി.പി.എമ്മിനും ബി.ജെ.പിക്കും രണ്ടു വീതം. അതെന്താ അങ്ങനെയെന്ന് ആരും ചോദിക്കാത്തത്.
പിണറായിക്ക് ഇന്ന് സി. പി. എമ്മില്‍ വെല്ലുവിളി ഉയര്‍ത്താന്‍ പറ്റുന്നത് ശൈലജക്ക് മാത്രമാണെന്നാണോ?.യു. ഡി. എഫിലെ അഞ്ച് നേതാക്കള്‍ക്കും കൂടി എത്ര ശതമാനം വോട്ടു ലഭിച്ചു. ഇതൊക്കെ പരിശോധിക്കുമ്പോള്‍ ഒരു കാര്യം ഉറപ്പ് തിരഞ്ഞെടുപ്പ് സി. പി. എം പറയുന്നതു പോലെ അവര്‍ക്ക് അത്ര എളുപ്പമല്ല. പ്രതീക്ഷയ്ക്ക് വകയില്ലാത്ത ആണ്. അത് അറിയാവുന്നത് കൊണ്ടാണ് ആഴക്കടല്‍ വരെ വിറ്റ് നേതാക്കള്‍ കടുംവെട്ട് നടത്തുന്നത്. ഇൗ ആത്മവിശ്വാസക്കുറവിനെ മറികടക്കാനാണ് ഏഷ്യാനെറ്റും 24ഉം ചേര്‍ന്ന് സ്‌പോണ്‍സേര്‍ഡ് സര്‍വ്വെ നടത്തിയത്.


Share now