പ്രണയത്തിന് നിയമത്തിന്റെ കുരുക്കുമായി യുപി സര്‍ക്കാര്‍; ദളിത് യുവതിയെ വിവാഹം ചെയ്ത മുസ്ലീം യുവാവിനെ അറസ്റ്റ് ചെയ്തു; റഷീദിനെ വിവാഹം ചെയ്തത് തന്റെ താല്‍പര്യപ്രകാരമെന്ന് പിങ്കി

Share now

ലക്‌നൗ: ‘ ഒരാള്‍ പ്രണയത്തിലാകുമ്പോള്‍ ജാതിയോ മതമോ സാമൂഹ്യ പ്രതിബന്ധങ്ങളോ മറ്റ് തടസ്സങ്ങളോ കണക്കാക്കാറില്ല. അവിടെ സ്‌നേഹത്തിന് മാത്രമാണ് ഏക പരിഗണന.’ മുസ്ലീം വിവാഹം കഴിച്ചതിന്റെ പേരില്‍ നിയമനടപടി നേരിടുന്ന പിങ്കിയെന്ന 22-കാരിയായ ഹിന്ദു യുവതിയുടെ വാക്കുകളാണിത്. നിയമവിരുദ്ധമായ മതംമാറ്റത്തിനെതിരെയുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സിന്റെ ഭാഗമായിട്ടാണ് പിങ്കിയുടെ ഭര്‍ത്താവായ റഷീദിനെ അറസ്റ്റ് ചെയ്തത്.

മൊറാദാബാദിനടുത്തുള്ള കാന്ത് എന്ന ഗ്രാമത്തിലാണ് ഭര്‍തൃമാതാപിതാക്കളോടൊപ്പം പിങ്കി കഴിയുന്നത്. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ മതംമാറ്റ നിയമത്തിന്റെ ഭാഗമായിട്ടാണ് പിങ്കിയുടെ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തത്. ലൗജിഹാദിനെ എതിര്‍ക്കുകയെന്ന നിലപാടിലിലൂടെ കൊണ്ടുവന്ന ഓര്‍ഡിനന്‍സില്‍ വിവാഹത്തിന്റെ പേരിലുള്ള മതംമാറ്റം കുറ്റകരമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ദളിത് വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയെ മതംമാറ്റി വിവാഹം കഴിച്ചുവെന്ന് ആരോപിച്ചാണ് റഷീദിനും സഹോദരനുമെതിരെ കേസെടുത്തിരിക്കുന്നത്.

ബലപ്രയോഗം, വഞ്ചനാ, അനാവശ്യ സ്വാധീനം, ബലാല്‍ക്കാരം, പ്രണയം അല്ലെങ്കില്‍ വിവാഹം എന്നിവയിലൂടെ ഒരു മതത്തില്‍ നിന്നും മറ്റൊന്നില്ലേക്ക് പരിവര്‍ത്തനം ചെയ്യുന്നത് നിയമം മൂലം വിലക്കിയിരിക്കുകയാണ്. തന്റെ പരിപൂര്‍ണ സമ്മതത്തോടും താല്‍പര്യപ്രകാരവുമാണ് റഷീദ് തന്നെ വിവാഹം കഴിച്ചതെന്ന് മജിസ്‌ട്രേറ്റിന് നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. റഷീദിനെയും സഹോദരനെയും ഈ മാസം അഞ്ചിന് യോഗി സര്‍ക്കാര്‍ പാസ്സാക്കിയ ഉത്തര്‍പ്രദേശ് പ്രൊഹിബിഷന്‍ ഓഫ് അണ്‍ലോഫുള്‍ കണ്‍വേര്‍ഷന്‍ ഓഫ് റിലീജിയന്‍ ഓര്‍ഡിനന്‍സ് ട്വന്റി ട്വന്റി പ്രകാരം അറസ്റ്റ് ചെയ്തിരുന്നു. കാന്ത് ഗ്രാമത്തിലെ രജിസ്‌ട്രേഷന്‍ ഓഫീസില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യാനായി വന്നപ്പോഴാണ് പോലീസ് ഇവരെ പിടികൂടി അറസ്റ്റ് ചെയ്തത്. സംഘപരിവാറുമായി ബന്ധമുള്ള ഒരു സംഘടന ഇവരുടെ വിവാഹത്തിന് എതിര്‍ക്കുകയും പിങ്കിയെ ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു. പിങ്കിയുടെ അമ്മയുടെ പരാതിപ്രകാരം പോലീസ് കേസെടുത്തു. ദളിത് വിഭാഗത്തില്‍പ്പെട്ട ഈ പെണ്‍കുട്ടിയെ റഷീദ് വശീകരിച്ചുകൊണ്ടുപോയി മതം മാറ്റിയെന്നായിരുന്നു പരാതി.

റഷീദ് തന്റെ ജാതി മറച്ചുവെച്ചുകൊണ്ടാണ് മകളെ പ്രണയിച്ചുവെന്നാണ് പിങ്കിയുടെ അമ്മയുടെ പരാതി. അമ്മ പരാതിയില്‍ ഉന്നയിച്ച എല്ലാ വാദങ്ങളും പിങ്കി നിഷേധിച്ചു. തന്റെ ഉത്തമ താല്‍പര്യപ്രകാരമാണ് ഡെറാഡൂണില്‍ നിന്നും ഈ വര്‍ഷം ജൂലൈ മാസത്തില്‍ റഷീദിനൊപ്പം അയാളുടെ സ്വദേശമായ കാന്തിലെത്തിയത്. റഷീദിന്റെ വീട്ടില്‍വെച്ച് ഇസ്ലാമിക ആചാരപ്രകാരമുള്ള നിക്കാഹ് നടന്നു. വിവാഹത്തിന് ശേഷം പിങ്കി മുസ്കാന്‍ ജഹാനെന്ന് പേര് സ്വീകരിച്ചു. റഷീദിന്റെ ജാതിയും മതവും അറിഞ്ഞുകൊണ്ട് താന്‍ അയാളെ വിവാഹം കഴിച്ചത്. തന്റെ ഭര്‍ത്താവിനെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും തനിക്ക് അറിയാമെന്ന് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. റഷീദും അദ്ദേഹത്തിന്റെ സഹോദരനും പൂര്‍ണമായും നിരപരാധികളാണ്. അവരെ വിട്ടയക്കണമെന്നാണ് പിങ്കിയുടെ ആവശ്യം.

റഷീദിനെ അറസ്റ്റ് ചെയ്തതിനോടൊപ്പം തന്നെ പിങ്കിയെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ത്രീ സംരക്ഷണ കേന്ദ്രത്തില്‍ പാര്‍പ്പിച്ചു. ഇവിടെവെച്ച് തനിക്ക് അധികാരികളില്‍ നിന്നും മര്‍ദനമേറ്റതിന്റെ ഫലമായി ആറ് മാസം പ്രായമുള്ള ഗര്‍ഭം അലസിപോയി എന്നാണ് പിങ്കി പറയുന്നത്. കടുത്ത വയറുവേദനയും രക്തസ്രാവവും ഉണ്ടായതിനെതുടര്‍ന്ന് ആശുപത്രിയിലെത്തിച്ചപ്പോള്‍ ഡോക്ടറന്മാര്‍ നല്‍കിയ ഇഞ്ചക്ഷനെ തുടര്‍ന്ന് വീണ്ടും രക്തസ്രാവം കൂടുകയും തന്റെ നില വഷളാവുകയും ചെയ്തുവെന്നാണ് ഇവരുടെ പരാതി. ആശുപത്രിയിലെ ചികിത്സയെ തുടര്‍ന്നാണ് ഗര്‍ഭം അലസിയതെന്നാണ് പിങ്കിയുടെ പരാതി. പിങ്കിയുടെയും റഷീദിന്റെയും ദുരവസ്ഥയെക്കുറിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വന്‍ വാര്‍ത്തയായിരുന്നു. ബ്രിട്ടീഷ് ദിനപത്രമായ ദ ടെലഗ്രാഫാണ് ഇക്കാര്യം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, പിങ്കിയുടെ ഈ വാദം സര്‍ക്കാര്‍ ഡോക്ടറന്മാര്‍ തള്ളികളഞ്ഞിരിക്കുകയാണ്. ഗര്‍ഭം അലസിയിട്ടില്ലെന്നും കുഞ്ഞിന് യാതൊരുവിധ കുഴപ്പവുമില്ലെന്നാണ് ഡോക്ടറന്മാരുടെ നിലപാട്. ലൗജിഹാദിന്റെ പേരില്‍ പോലീസ് നരനായാട്ട് നടത്തുകയാണെന്നാണ് യുപിയിലെ സാംസ്‌കാരിക പ്രവര്‍ത്തകര്‍ പറയുന്നത്.


Share now