മുഖ്യമന്ത്രിയുടെ പിന്തുണയാണ് ജലീലിന്റെ ബലം; ഭരണത്തിൽ കടിച്ചു തൂങ്ങാൻ ഇനിയും ശ്രമിക്കരുതെന്ന് കുഞ്ഞാലിക്കുട്ടി

Share now

ന്യൂഡൽഹി: സ്വർണക്കടത്ത് കേസിൽ എൻ.ഐ.എ ചോദ്യം ചെയ്ത സാഹചര്യത്തിൽ മന്ത്രി കെ.ടി ജലീലിന് അധികാരത്തിൽ തുടരാൻ യോഗ്യതയില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. ഇനിയും അധികാര കസേരയിൽ കടിച്ചു തൂങ്ങാൻ ജലീൽ ശ്രമിക്കരുത്. മുഖ്യമന്ത്രി നൽകുന്ന പിന്തുണയാണ് ജലീലിന്റെ ബലമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്‌ലിം ലീഗിനെ ജലീൽ ധാർമികത പഠിപ്പിക്കേണ്ട ആവശ്യമില്ല. വർഗീയത ഇളക്കി വിട്ട് വിഷയത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് സി.പി.എം ശ്രമിക്കുന്നതെന്ന് ഇ.ടി മുഹമ്മദ് ബഷീറും പറഞ്ഞു.

നേരത്തെ ജലീലിനെതിരെ മുസ്‌ലിം ലീഗ് എം.എൽ.എ കെ.പി.എ മജീദും രംഗത്തെത്തിയിരുന്നു. തെറ്റ് ചെയ്തിട്ടില്ലെങ്കിൽ എന്തിനാണ് അന്വേഷണ ഏജൻസികൾക്ക് മുൻപിൽ ജലീൽ ഒളിച്ചു പോകുന്നതെന്ന് അദ്ദേഹം ചോദിച്ചിരുന്നു. ഖുർആൻ കൊണ്ട് പോയത് കൊണ്ടാണ് തനിക്കെതിരെ അന്വേഷണം നടക്കുന്നതെന്ന് മതപണ്ഡിതന്മാരെ കൊണ്ട് വിശദീകരണമിറക്കാൻ ജലീൽ നിർബന്ധിക്കുകയാണ് ജലീൽ. പാണക്കാട്ടെ ചീട്ട് കൊണ്ടല്ല എ.കെ.ജി സെന്‍ററിലെ ചീട്ട് കൊണ്ടാണ് മന്ത്രിയായതെന്ന് ജലീല്‍ നേരത്തെ പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ ഇതെല്ലാം മാറ്റി പറയുകയാണ്. അന്വേഷണം വന്നപ്പോൾ പറയുന്നത് പാണക്കാട്ടെ തങ്ങൾ പറയട്ടെ താൻ തെറ്റ് ചെയ്തിട്ടുണ്ടോയെന്നാണ്. ഇതിൽ എന്ത് യുക്തിയാണ് ഉള്ളതെന്ന് കെ.പി.എ മജീദ് ചോദിച്ചു.


Share now