ശിശുക്ഷേമ സമിതി ജില്ലാ അധ്യക്ഷനെതിരെ വീണ്ടും പോക്‌സോ കേസ്; തലശ്ശേരി പോലീസ് കേസെടുത്തു; പെണ്‍കുട്ടിയോട് മോശമായി പെരുമാറി

Share now

കണ്ണൂര്‍: കണ്ണൂര്‍ ശിശുക്ഷേമ സമിതി ജില്ലാ ചെയര്‍മാന്‍ ഇഡി ജോസഫിനെതിരെ വീണ്ടും പോക്‌സോ കേസ്. ആദ്യ കേസെടുത്ത് അഞ്ച് ദിവസങ്ങള്‍ക്കകമാണ് രണ്ടാമതും പോക്‌സോ കേസ് ഇദ്ദേഹത്തിന് നേരെ വരുന്നത്.

ആദ്യ കേസില്‍ പരാതി നല്‍കിയ പെണ്‍കുട്ടിയുടെ സഹോദരിയുടെ രഹസ്യ മൊഴിയെ തുടര്‍ന്നാണ് തലശ്ശേരി പൊലീസ് കേസെടുത്തിരിക്കുന്നത്. ആരോപണം നിഷേധിച്ച ഇഡി ജോസഫ് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം തുടങ്ങി.
ശിശു ക്ഷേമ സമിതി കണ്ണൂര്‍ ജില്ലാ ചെയര്‍മാന്‍ ഇഡി ജോസഫിനെതിരെആദ്യ പരാതിയുമായി ബന്ധപ്പെട്ട് പൊലീസ് പെണ്‍കുട്ടിയുമായി സംസാരിച്ചപ്പോഴാണ് തന്റെ സഹോദരിയോടും ചെയര്‍മാന്‍ മോശമായി പെരുമാറിയെന്ന വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് മട്ടന്നൂര്‍ മജിസ്‌ട്രേറ്റിന് മുമ്പാകെ കുട്ടി രഹസ്യ മൊഴി നല്‍കുകയായിരുന്നു. പതിനഞ്ചും പതിനേഴും വയസുള്ള പെണ്‍കുട്ടികളാണ് ഇഡി ജോസഫിനെതിരെ മൊഴി നല്‍കിയത്. കൗണ്‍സിലിംഗിനിടെ ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നാണ് മൊഴിയിലുള്ളത്.

ഒക്ടോബര്‍ 21ന് രണ്ട് സമയങ്ങളിലായിട്ടാണ് പെണ്‍കുട്ടികളെ ഇഡി ജോസഫ് കൗണിസിലിംഗ് നടത്തിയത്. ആദ്യ കേസ് വന്നതിന് പിന്നാലെ സാമൂഹ്യ നീതി വകുപ്പ് ശിശുക്ഷേമ സമിതി ജില്ലാ ചെയര്‍മാനെ ചുമതലകളില്‍ നിന്ന് മാറ്റി നിര്‍ത്തിയിരുന്നു. അതേസമയം താന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് ആവര്‍ത്തിക്കുകയാണ് ജോസഫ്. അന്ന് രണ്ട് കുട്ടികളെയും വനതി അംഗത്തിന്റെ സാന്നിധ്യത്തിലാണ് കൗണ്‍സിലിംഗ് നടത്തിയത്. കേസിനെതിരെ തലശ്ശേരി കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി.


Share now