ചികിത്സ ലഭിക്കാതെ കോവിഡ് ബാധിച്ച് പോലീസുകാരന്‍ മരിച്ചതില്‍ ആരോഗ്യവകുപ്പിനും ഉദ്യോഗസ്ഥര്‍ക്കുമെതിരെ പരാതിയുമായി കുടുംബം

Share now

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ കോവിഡ് ബാധയേറ്റ് ചികിത്സയിലായിരുന്ന പോലീസുകാരന്‍ മരിച്ചതില്‍ പരാതിയുമായി കുടുംബം. കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് എഴുമണിക്കാണ്‍ ഹരീഷ് കുമാര്‍(28) ആശുപത്രിയില്‍ മരണപ്പെടുന്നത്. ആലപ്പുഴ കാവാലം സ്വദേശി ഹരീഷ് കുമാറിന്റെ ബന്ധുക്കളാണ് അനാസ്ഥയെക്കുറിച്ച് അക്കമിട്ട് നിരത്തുന്നത്. കൃത്യസമയത്ത് ചികിത്സ ലഭിക്കാത്തതാണ് മരണ കാരണമെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. ആരോഗ്യവകുപ്പിനും ഉദ്യോഗസ്ഥര്‍ക്കുമെതിരെയാണ് കുടുംബത്തിന്റെ പരാതി. കടുത്ത ശാരീരിക പ്രശ്‌നങ്ങളുണ്ടായിട്ടും ആശുപത്രിയില്‍ എത്തിക്കാന്‍ ട്രെയിനിങ് സെന്ററിലെ ഉദ്യോഗസ്ഥരോ ആരോഗ്യവകുപ്പോ തയ്യാറായില്ലെന്നാണ് പരാതി.

ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന ഹരീഷിന് പനി ലക്ഷണങ്ങളുണ്ടായിട്ടും കോവിഡ് ടെസ്റ്റ് നടത്താന്‍ മറ്റ് ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല. ഹരീഷ് പലതവണ ആവശ്യപ്പെട്ടതിന് ശേഷമാണ് കോവിഡ് ടെസ്റ്റ് കഴിഞ്ഞ വെള്ളിയാഴ്ച നടത്തിയത്.കലശലായ വയറിളക്കവും ഛര്‍ദിയുമുണ്ടായിട്ടും അക്കാദമിയിലെ ഒറ്റമുറിയില്‍ രണ്ടുദിവസം പിന്നെയും കഴിയേണ്ടി വന്നു. ഞായറാഴ്ച വൈകീട്ട് ഏഴുമണിക്ക് കോവിഡ് പോസിറ്റീവാണെന്ന് ഫലം വന്നു. എന്നിട്ടും ആശുപത്രിയിലേക്ക് മാറ്റിയില്ല. പിറ്റേന്ന് വൈകീട്ട് മൂന്നുമണിക്കാണ് ആംബുലന്‍സില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്. ഏഴുമണി കഴിഞ്ഞിട്ടും ഡോക്ടര്‍ വന്നില്ല. അവശനിലയിലായ ഹരീഷിനെ രാത്രി 11 മണിയോടെ വെന്റിലേറ്ററിലേക്ക് മാറ്റി. ചൊവ്വാഴ്ച സന്ധ്യയോടെ മരിച്ചു. ‘

ഏഴുമാസം മുന്‍പാണ് ഹരീഷ് ഇന്റഗ്രേറ്റഡ് പൊലീസ് റിക്രൂട്ട്‌മെന്റ് ട്രെയിനിങ് സെന്ററില്‍ എത്തുന്നത്. കാവാലം കരൂര്‍മഠത്തെ നിര്‍ധന കുടുംബാംഗമാണ്. ഹരീഷിന്റെ ജോലിയെ ആശ്രയിച്ചാണ് അമ്മയും സഹോദരനുമടങ്ങുന്ന കുടുംബം ജീവിക്കുന്നത്. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് പൊലീസ് ആദരങ്ങളോടെയായിരുന്നു സംസ്‌കാരം


Share now