പി.എസ്.സി പൊലീസ് റാങ്ക് ലിസ്റ്റ് കാലാവധി അവസാനിച്ചിട്ടും നിയമനമില്ല ; പാഴാകുന്നത് ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികളുടെ വര്‍ഷങ്ങളുടെ പരിശ്രമം

Share now

തിരുവനന്തപുരം: പി.എസ്.സി സിവില്‍ പൊലീസ് റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിച്ചിട്ടും യോഗ്യതയുണ്ടായിരുന്ന ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനം ലഭിച്ചില്ല. ഏഴ് ബറ്റാലിയനുകളിലായി 1200 ഓളം തസ്തിക സൃഷ്ടിച്ചെങ്കിലും ഒഴിവുകള്‍ നികത്തിയില്ലെന്നാണ് ഉദ്യോഗാര്‍ത്ഥികളുടെ പരാതി. ഇതോടെ ഉദ്യോഗാര്‍ഥികളുടെ വര്‍ഷങ്ങളുടെ പരിശ്രമമാണ് പാഴായിപ്പോകുന്നത്.

കേരളമൊട്ടാകെ ഏഴ് ബറ്റാലിയനിലേക്കുള്ള നിയമനമാണ് നടക്കാതിരിക്കുന്നത്. എഴുത്തുപരീക്ഷ വിജയിച്ച് ഷോര്‍ട്ട് ലിസ്റ്റില്‍ ഉള്‍പ്പെടുന്ന ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും മൂന്നിലൊന്ന് ഉദ്യോഗാര്‍ത്ഥികള്‍ മാത്രമാണ് ഫിസിക്കല്‍ ടെസ്റ്റും മെഡിക്കല്‍ ടെസ്റ്റും പാസായി റാങ്ക് ലിസ്റ്റില്‍ ഇടം പിടിക്കുന്നത്.

2019 ജൂലൈ ഒന്നിന് നിലവില്‍ വന്ന സിവില്‍ പൊലീസ് റാങ്ക് ലിസ്റ്റിന്റെ കാലാവധി 2020 ജൂണ്‍ 30ന് ആയിരുന്നു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ നടന്ന അക്രമങ്ങളുമായി ബന്ധപ്പെട്ട കേസില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കാരണമാണ് 5 മാസം ഈ ലിസ്റ്റ് മരവിപ്പിച്ചത്.

തുടര്‍ന്ന് കൊവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ വീണ്ടും 3 മാസം നീട്ടി. എന്നിട്ടും ജൂണ്‍ 30 ന് കാലാവധി നീട്ടി നല്‍കാതെ അവസാനിപ്പിച്ചു. ആദ്യഘട്ട നിയമനശേഷം കഴിഞ്ഞ ആറുമാസക്കാലമായി നിയമനങ്ങള്‍ നടക്കാതെ കിടക്കുകയാണ്.

ഇതുവരെ നഷ്ടപ്പെട്ട എട്ട് മാസം കൂടി സര്‍ക്കാര്‍ ഈ റാങ്ക് ലിസ്റ്റിന് കൂട്ടി നല്‍കിയെങ്കില്‍ മാത്രമേ അര്‍ഹതപ്പെട്ട നിയമനങ്ങള്‍ ലിസ്റ്റില്‍ നിന്നും ലഭിക്കുകയുള്ളൂവെന്നാണ് ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നത്. പോലീസില്‍ ആവശ്യത്തിന് ഉദ്യോഗസ്ഥര്‍ ഇല്ലാത്തതിനാല്‍ സന്നദ്ധപ്രവര്‍ത്തകരെ പോലീസ് സേനയില്‍ എടുക്കുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്.

എന്നിട്ടും റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം നടത്താന്‍ സര്‍ക്കാര്‍ തയാറാകുന്നില്ല. പട്ടികയുടെ കാലാവധി നീട്ടി നല്‍കിയില്ലെങ്കില്‍ അര്‍ഹരായ നിരവധി പേരുടെ അവസരങ്ങളാണ് നഷ്ടമാകുന്നത്.


Share now