പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസ് സി.ബി.ഐയ്ക്ക്; ഓരോ പരാതിയിലും പ്രത്യേകം കേസ് എടുക്കണമെന്ന് കോടതി

Share now

കൊച്ചി: പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസ് സി.ബി.ഐയ്ക്ക് കൈമാറി കൊണ്ട് ഹൈക്കോടതി ഉത്തരവ്. ഓരോ പരാതിയിലും പ്രത്യേകം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കണമെന്നും കോടതി നിർദേശിച്ചു. ഒറ്റ എഫ്‍.ഐ.ആർ മതിയെന്ന ഡി.ജി.പിയുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തിട്ടുണ്ട്. കേസ് സി ബി ഐയ്‌ക്ക് കൈമാറാനുള്ള നടപടികൾ ദ്രുതഗതിയിൽ സ്വീകരിക്കണമെന്നും ബ്രാഞ്ചുകളിലെ പണവും സ്വർണവും സർക്കാർ നിയന്ത്രണത്തിലാക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. നിക്ഷേപകരുടെ താല്പര്യം സംരക്ഷിക്കുമെന്നും അതിനാവശ്യമായ കോടതി നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ തയ്യാറാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.

കമ്പനിയുടെ മാനേജിംഗ് പാര്‍ട്നര്‍ റോയ് തോമസ് ഡാനിയൽ, ഡയറക്ടർ കൂടിയായ ഭാര്യ പ്രഭാ തോമസ് തുടങ്ങിയവർ ചേർന്ന് സംസ്‌ഥാനത്തിനകത്തും, മറ്റ് സംസ്‌ഥാനങ്ങളിലും,വിദേശത്തുമായി രണ്ടായിരം കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നും ഹർജിക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. റോയ് ഡാനിയേലും ഭാര്യ പ്രഭ തോമസും കീഴടങ്ങിയപ്പോൾ ഇവരുടെ രണ്ട് മക്കളെ ഡല്‍ഹിയിലെ എയർപോർട്ടിൽ നിന്നുമാണ് പിടികൂടിയത്. പോപ്പുലർ ഫിനാൻസിനെതിരെ 3200 ഓളം പരാതികൾ ലഭിച്ചെന്നാണ് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചത്.

പരാതികളുടെ അടിസ്‌ഥാനത്തിൽ നേരത്തെ കമ്പനിയുടെ ഹെഡ് ഓഫീസ് പൂട്ടി മുദ്രവെക്കുകയും അഞ്ഞൂറോളം രേഖകളും പിടിച്ചെടുക്കുകയും ചെയ്തിരുന്നു. തട്ടിപ്പ് നടത്തിയ രണ്ടായിരം കോടിയോളം രൂപ വിദേശത്തേക്ക് കടത്തിയെന്നാണ് ഹർജിക്കാർ പറയുന്നത്.


Share now