വ്യാജവാര്‍ത്തയ്ക്ക് ചൂണ്ടയിട്ട പി.ആര്‍.ഡിക്ക് പണികിട്ടിയതോടെ ഫാക്ട് ചെക്ക് സര്‍ക്കാര്‍ പൂട്ടിക്കെട്ടി; തെറ്റായവാര്‍ത്തകള്‍ ഇനി പൊലീസ് പരിശോധിക്കും

Share now

തിരുവനന്തപുരം: വ്യാജവാര്‍ത്തകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാനിറങ്ങിയ സര്‍ക്കാര്‍ പണി പാളിയതോടെ ഫാക്ട് ചെക്ക് പൂട്ടിക്കെട്ടാന്‍ പി.ആര്‍.ഡിക്ക് നിര്‍ദ്ദേശം നല്‍കി. വ്യാജവാര്‍ത്തകള്‍ക്കെതിരെ പ്രസ്സ് കൗണ്‍സിലിനെ സമീപിക്കുമെന്ന് മന്ത്രി എ.കെ ബാലന്‍ ഭീഷണി മുഴക്കിയെങ്കിലും അതും ഇതുവരെ നടന്നിട്ടില്ല. നാല് മാസമായി സര്‍ക്കാരിനും മന്ത്രിമാര്‍ക്കും എതിരെ ദിവസവും അഴിമതി ആരോപണങ്ങളും ആക്ഷേപങ്ങളും ഉയരുകയും ഇപ്പോള്‍ മന്ത്രിമാരുടെ കുടുംബാംഗങ്ങള്‍ക്കും അഴിമതിയില്‍ പങ്കുണ്ടെന്ന ആക്ഷേപം ശക്തമാവുകയും ചെയ്ത പശ്ചാത്തലത്തില്‍ മാധ്യമങ്ങളെ പിണക്കുന്നത് ശരിയല്ലെന്ന് സര്‍ക്കാരിന് മനസ്സിലായി. തെറ്റായ വാര്‍ത്തകളെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിനെ അറിയിക്കണമെന്നും അത് വാര്‍ത്താകുറിപ്പാക്കി മാധ്യമങ്ങള്‍ക്ക് നല്‍കണമെന്നുമാണ് പുതിയ തീരുമാനം.

പി.എസ്.സി പരീക്ഷയ്ക്കുള്ള ഒ.എം.ആര്‍ ഷീറ്റ് സര്‍ക്കാര്‍ പ്രസ്സില്‍ നിന്ന് കാണാതായ വാര്‍ത്ത കഴിഞ്ഞ മാസം മാധ്യമം ദിനപത്രം പ്രസിദ്ധീകരിച്ചിരുന്നു. ആ വാര്‍ത്ത വ്യാജമാണെന്ന് പി.ആര്‍.ഡിയുടെ ഫാക്ട് ചെക്ക് വിഭാഗം ആരോപിച്ചിരുന്നു. പിന്നാലെ പി.ആര്‍.ഡിയുടെ ഫെയിസ്ബുക്ക് പേജില്‍ ഇക്കാര്യം പോസ്റ്റ് ചെയ്തു. എന്നാല്‍ ഏത് രേഖകളുടെ അടിസ്ഥാനത്തിലാണ് വാര്‍ത്ത വ്യാജമാണെന്ന് ആക്ഷേപിക്കുന്നതെന്ന് ലേഖകന്‍ പി.ആര്‍.ഡി അധികൃതരോട് ഫോണിലൂടെ ചോദിക്കുകയും സംഭാഷണം റെക്കോഡ് ചെയ്ത് സമൂഹമാധ്യമങ്ങളിലൂടെ പ്ര ച രിപ്പിക്കുകയും ചെയ്തതോടെ പോസ്റ്റ് പിന്‍വലിച്ച് പി.ആര്‍.ഡി കണ്ടംവഴി ഓടി. സര്‍ക്കാരിനെതിരെ നിരന്തരം വാര്‍ത്തകള്‍ വരുന്നതില്‍ മന്ത്രിമാരും മുഖ്യമന്ത്രിയും അസ്വസ്ഥരാണ്. ഇതേ തുടര്‍ന്നാണ് മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാന്‍ ശ്രമംതുടങ്ങിയത്.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം നിരന്തരം മാധ്യമങ്ങളെ വേട്ടയാടുന്ന സമീപനമാണ് സ്വീകരിക്കുന്നത്. കണ്ണൂരില്‍ നടന്ന സി.പി.എം- ബി.ജെ.പി ആക്രമണത്തെ തുടര്‍ന്ന് തിരുവനന്തപുരത്ത് നടത്തിയ സമാധാനചര്‍ച്ച റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരോട്, ‘കടക്ക് പുറത്ത്’ എന്ന് പറഞ്ഞ് ആക്രോശിച്ചത് മുഖ്യമന്ത്രി തന്നെയായിരുന്നു. പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും മുഖ്യമന്ത്രി വഴങ്ങിയില്ല. സെക്രട്ടറിയേറ്റിലും പൊതുപരിപാടികളിലും മാധ്യമങ്ങള്‍ക്ക് നിയന്ത്രണംഏര്‍പ്പെടുത്തി 2018 ജനുവരി 16ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.

നേരത്തെ അറിയിച്ച് അനുമതി വാങ്ങാതെ മുഖ്യമന്ത്രിയുടെയോ, മന്ത്രിമാരുടെയോ പ്രതികരണം എടുക്കാന്‍ മാധ്യമങ്ങള്‍ക്ക് കഴിയില്ലെന്നായിരുന്നു ഉത്തരവ്. സുരക്ഷാഭീഷണിയെ തുടര്‍ന്നാണ് ഇത്തരത്തിലൊരു ഉത്തരവ് ഇറക്കിയതെന്നായിരുന്നു ന്യായം പറഞ്ഞിരുന്നത്. എന്നാല്‍ മുഖ്യമന്ത്രി തനിക്ക് ഇഷ്ടമുള്ള കാര്യങ്ങളില്‍ മുന്‍കൂട്ടി അനുമതി വാങ്ങിയില്ലെങ്കിലും പ്രതികരണം നടത്തിയിരുന്നു.

അടിയന്തരരാവസ്ഥക്കാലത്തെ മാധ്യമനിയന്ത്രണങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിക്കുകയും ഇപ്പോഴുമത് പലയിടത്തും പ്രസംഗിക്കുകയും ചെയ്യുന്ന സി.പി.എം അധികാരത്തില്‍ വരുമ്പോഴെല്ലാം മാധ്യമങ്ങളെ വേട്ടയാടിയിട്ടുണ്ട്. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ സ്വാധിനമുണ്ടെന്നും മുഖ്യമന്ത്രിയെ പരിചയമുണ്ടെന്നും എന്‍.ഐ.എ കോടതിയില്‍ പറഞ്ഞകാര്യം വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചതിന് മാധ്യമപ്രവര്‍ത്തകരെ സൈബര്‍ സഖാക്കള്‍ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചിട്ട് ഒരു മാസമായിട്ടും നടപിടയെടുത്തിട്ടില്ല. വനിതാമാധ്യമപ്രവര്‍ത്തകരടക്കം ഡി.ജി.പിക്ക് പരാതി നല്‍കിയതാണ്. പക്ഷെ, സ്വര്‍ണക്കടത്തിന്റെ പേരില്‍ മുഖ്യമന്ത്രിയുടെ മുഖം വികൃതമാക്കി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ മണിക്കൂറുകള്‍ക്കുള്ളില്‍ പൊലീസ് പിടികൂടുകയും ചെയ്തു.


Share now