കൈവെട്ടി മാറ്റിയിട്ടും കത്തോലിക്ക സഭ വേട്ടയാടല്‍ തുടര്‍ന്നു; കള്ള സാക്ഷ്യം പറഞ്ഞും അപവാദം പ്രചരിപ്പിച്ചും തിരുസഭ പകവീട്ടി; വൈദികരുടെയും കോതമംഗലം മെത്രാന്റെയും നെറികേടുകളെക്കുറിച്ച് പ്രൊ. ടി.ജെ. ജോസഫ് എഴുതിയ ‘ അറ്റുപോകാത്ത ഓര്‍മ്മകള്‍’ തരംഗമാകുന്നു

Share now

കോളജില്‍ നിന്ന് പിരിച്ചു വിട്ട കാലത്ത് കത്തോലിക്ക സഭയിലെ ഒരു പറ്റം വൈദികര്‍ തനിക്കെതിരെ വ്യാപകമായ തോതില്‍ വ്യാജ പ്രചരണങ്ങളും സ്വഭാവഹത്യയും നടത്തിയെന്ന് പ്രൊ. ടി.ജെ ജോസഫ്. തനിക്ക് അനുകൂലമായി പത്രമാസികകളില്‍ ലേഖനം എഴുതിയവരെ തിരഞ്ഞുപിടിച്ച് ആക്ഷേപിക്കുകയും പുലഭ്യം പറയുകയും ചെയ്തിരുന്നു. സഭേതര പത്രമാസികകളില്‍ ജോസഫിന് അനുകൂലമായി എഴുതിയ ക്രിസ്തീയ നാമധാരികളെ കോതമംഗലം മെത്രാന്‍ മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ നേരിട്ട് വിളിച്ച് ശാസിച്ചിരുന്നു. സ്വാതികനും വയോധികനുമായ ഫാ. എ. അടപ്പൂരിനെപോലും കത്തോലിക്ക വൈദികരും മെത്രാന്മാരുടെ ശിങ്കിടികളും തെറിവിളിയില്‍ നിന്ന് ഒഴിവാക്കിയില്ലെന്ന് ടി.ജെ ജോസഫ് തന്റെ ആത്മകഥയായ അറ്റുപോകാത്ത ഓര്‍മ്മകള്‍’ എന്ന പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. താന്‍ ഭാര്യാമര്‍ദകനാണെന്നും, അമ്മയെ നോക്കാത്തവനാണെന്നുമൊക്കെ കന്യാസ്ത്രീകളും വൈദികരും വിശ്വാസികള്‍ക്കിടയില്‍ വ്യാപകമായ തോതില്‍ അപവാദ പ്രചരണം നടത്തിയിരുന്നു. കത്തോലിക്ക സഭയുടെ സംഘടിത ശക്തി ഉപയോഗിച്ച് നിസ്സഹായനായ ഒരു മനുഷ്യനെ എങ്ങനെയെല്ലാം വേട്ടയാടാമെന്ന് വിവരിക്കുന്ന ഒരു ചരിത്ര പുസ്തകം കൂടിയാണ് ടി ജെ ജോസഫിന്റെ ആത്മകഥ.

2010-ല്‍ തൊടുപുഴ ന്യൂമാന്‍ കോളജിലെ അധ്യാപകനായിരിക്കുമ്പോള്‍ തയ്യാറാക്കിയ ചോദ്യപേപ്പറിലെ ചില പരാമര്‍ശങ്ങളുടെ പേരില്‍ ഒരു പറ്റം മുസ്ലീം തീവ്രവാദികള്‍ മതനിന്ദ ആരോപിച്ച് അദ്ദേഹത്തിന്റെ കൈ വെട്ടി മാറ്റുകയും അക്രമിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് അദ്ദേഹത്തെ സീറോ മലബാര്‍ സഭയുടെ കീഴിലുള്ള കോളജ് മാനജ്‌മെന്റ് സര്‍വ്വീസില്‍ നിന്നും പിരിച്ചു വിട്ടു. പരിക്കേറ്റ് ആശുപത്രിയില്‍ കിടക്കുന്ന കാലത്ത് അദ്ദേഹത്തെ സസ്‌പെന്റ് ചെയ്തിരുന്നു. സര്‍വ്വീസില്‍ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ബിഷപ്പിനെ കാണാനെത്തിയ അദ്ദേഹത്തിന്റെ ഭാര്യ സലോമിയെയും മകളെയും കോളജ് മാനേജര്‍ അപമാനിക്കുകയും മര്യാദയില്ലാത്ത വിധം സംസാരിക്കുകയും ചെയ്തു. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തതിന്റെ അടുത്ത ദിവസങ്ങളില്‍ തന്നെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ടുവെന്ന ഉത്തരവും വന്നു.

ജോസഫിനെ അക്രമിച്ചതില്‍ മുസ്ലീം സംഘടനകള്‍ പോലും അപലപിച്ചിട്ടും സഭാമേലധികാരികള്‍ തികഞ്ഞ മൗനത്തിലായിരുന്നു. പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഭാരവാഹികള്‍ അദ്ദേഹത്തെ അക്രമിച്ചതിനെതിരെ പ്രതിഷേധിക്കണമെന്നാവശ്യപ്പെട്ടപ്പോള്‍ കോളജ് മാനേജര്‍ മോണ്‍സിഞ്ഞോര്‍ തോമസ് മലേക്കുടി ‘ മരിച്ചു പോയെങ്കില്‍ കുഴപ്പമില്ലായിരുന്നു’ എന്നാണ് പ്രതികരിച്ചത്. ഇങ്ങനെ എല്ലാതരത്തിലും ജോസഫിനെ അപമാനിക്കാനും അവഹേളിക്കാനുമാണ് സഭയും വൈദികരും ശ്രമിച്ചത്.

അദ്ദേഹത്തിന്റെ കേസ് നടക്കുന്നതിനിടയിലാണ് സര്‍വ്വീസില്‍ നിന്നും പിരിച്ചു വിട്ടത്. സാമ്പത്തിക പരാധീനതകള്‍ മൂലം ഏറെ വലഞ്ഞുവെന്നും ജോസഫ് വിവരിക്കുന്നുണ്ട്. കേസന്വേഷിക്കാന്‍ വന്ന മുസ്ലീമായ എന്‍ഐഎ അന്വേഷണ ഉദ്യോഗസ്ഥന്‍ തന്നോട് പരൂഷമായി പെരുമാറിയ കാര്യം അദ്ദേഹം പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്, ‘ പ്രവാചകനെ നിന്ദിച്ച താങ്കളുടെ പ്രവര്‍ത്തി ഒരു മുസ്ലീം എന്ന നിലയില്‍ എനിക്ക് സഹിക്കാനാവില്ല, എന്നിരുന്നാലും അത് എന്റെ ഡ്യൂട്ടിയെ ബാധിക്കില്ല’. എന്നു പറഞ്ഞ ഉദ്യോഗസ്ഥന്‍ പ്രതികളെ രക്ഷിക്കാന്‍ വേണ്ടി സകല പഴുതുകളുമിട്ടാണ് കേസന്വേഷണം നടത്തിയതെന്ന് പിന്നീട് മേല്‍ നോട്ടം വഹിക്കാനെത്തിയ എന്‍ഐഎ സൂപ്രണ്ട് കണ്ടെത്തി. ഇതേതുടര്‍ന്ന് ഇയാളെ അന്വേഷണ സംഘത്തില്‍ നിന്നും ഒഴിവാക്കി.

കോടതി കുറ്റ വിമുക്തനാക്കിയിട്ടും സഭാമേലധികാരികള്‍ ജോസഫിനെതിരെയുള്ള വേട്ടയാടല്‍ തുടര്‍ന്നു. യൂണിവേഴ്‌സിറ്റി ട്രിബ്യൂണലിലെ കേസിനെതിരെ ജോസഫിന്റെ സഹപ്രവര്‍ത്തകനും വൈദികനുമായ ഫാ. രാജു ജേക്കബ്(മാനുവല്‍ പിച്ചലക്കാട്ട്) താന്‍ മതനിന്ദ നടത്തിയ വ്യക്തിയാണെന്ന് ബോധിപ്പിച്ചിരുന്നു. ജോസഫിന്റെ ശിഷ്യന്‍ കൂടിയായിരുന്നു വൈദികനായ രാജു. അദ്ദേഹത്തിന് തന്റെ ഗുരുവും സഹപ്രവര്‍ത്തകനുമായ ജോസഫിനെതിരെ കള്ളസാക്ഷ്യം പറയുന്നതില്‍ യാതൊരു മടിയും സങ്കോചവുമില്ലായിരുന്നുവെന്നാണ് പുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. സമാനമായ മൊഴികളാണ് കോളജ് പ്രിന്‍സിപ്പലായ ടിഎം ജോസഫും മാനേജര്‍ ഫാ. തോമസ് മലേക്കുടിയും ആവര്‍ത്തിച്ചത്. സംഘടിതമായ രീതിയില്‍ കത്തോലിക്ക സഭ നേതൃത്വവും വൈദികരും ചേര്‍ന്ന് നിസ്സഹായനായ ഒരു മനുഷ്യനെ വേട്ടയാടിയതിന്റെ നേര്‍ചിത്രമാണ് അറ്റുപോകാത്ത ഓര്‍മ്മകളില്‍ വിവരിക്കുന്നത്.

സലോമി

ജോസഫിനെ ജോലിയില്‍ നിന്നു പിരിച്ചു വിട്ടതോടെ ഭാര്യ സലോമി മാനസിക രോഗിയായി മാറി. വീട്ടിലെ സാമ്പത്തിക സ്ഥിതി മോശമായതോടെ അവരുടെ സ്വഭാവത്തിലും മാറ്റങ്ങള്‍ കണ്ടു തുടങ്ങി. വേണ്ടാത്തതിനൊക്കെ വഴക്കുണ്ടാക്കാന്‍ തുടങ്ങി. മനോരോഗത്തിന് തുടക്കമാണെന്നും ഇത്തരം രോഗികള്‍ ആത്മഹത്യപ്രവണത പ്രകടിപ്പിക്കുമെന്ന് മുന്നറിയിപ്പ് തന്നതോടെ വീട്ടിലുണ്ടായിരുന്ന കീടനാശിനികള്‍ നശിപ്പിച്ചു കളയുകയും, മൂര്‍ച്ചയേറിയ കത്തികളും മറ്റും അവരില്‍ നിന്ന് ഒളിപ്പിച്ചു വെക്കുകയും ചെയ്തു. എന്നിട്ടും ഒരു ദിവസം കുളിമുറിയില്‍ കയറി തൂങ്ങിമരിച്ചു. അതും പുണ്യവാനായ സെന്റ് ജോസഫിന്റെ തിരുനാള്‍ ദിവസത്തിലാണ് അത് സംഭവിച്ചത്. വീണ്ടും ഒരിക്കല്‍ കൂടി താന്‍ തോല്‍പ്പിക്കപ്പെട്ടുവെന്നാണ് ഭാര്യയുടെ വിയോഗത്തെക്കുറിച്ച് ജോസഫ് എഴുതിയിരിക്കുന്നത്.

സലോമിയുടെ മരണം വാര്‍ത്താമാധ്യമങ്ങളും പൊതുസമൂഹവും ഏറ്റെടുത്തു. എന്നിട്ടും സഭയുടെ മനസ്സലിഞ്ഞില്ല. വീണ്ടും വീണ്ടും ജോസഫിനെയും കുടുംബത്തെയും വൈദികരും സഭാനേതൃത്വവും സംഘടിതമായി അപമാനിക്കുകയും അവഹേളിക്കുകയും ചെയ്തു. 2014 മാര്‍ച്ച് 31-ന് വിരമിക്കാനിരിക്കെ ഔദാര്യമെന്നോണം അദ്ദേഹത്തെ 28-ന് ജോയിന്റ് ചെയ്യാനായി നിയമന ഉത്തരവ് നല്‍കി. താന്‍ ജോയിന്റ് ചെയ്യാന്‍ ചെല്ലുമ്പോള്‍ തന്റെ കുട്ടികള്‍ അവിടെ ഉണ്ടാവാതിരിക്കാന്‍ കോളജിന് അന്ന് അവധി നല്‍കി. തന്നെ സ്വീകരിക്കുന്നതില്‍ നിന്ന് അധ്യാപകരെയും പലവിധ ജോലികളിലേക്ക് നിയമിച്ച് ആനന്ദം കണ്ടെത്തി. അദ്ദേഹം ഓഫീസില്‍ പ്രവേശിക്കുന്നതും ഹാജര്‍ ബുക്കില്‍ വീണ്ടും ഒപ്പു വെക്കുന്നതും മാധ്യമങ്ങള്‍ പകര്‍ത്താതിരിക്കാന്‍ കോളജിന്റെ പ്രധാന കവാടം അടച്ചിട്ടു. തനിക്ക് പെന്‍ഷന്‍ പോലും കിട്ടാതിരിക്കാന്‍ സഭയും, വൈദികരും, മാനേജ്‌മെന്റും ചേര്‍ന്ന് എല്ലാ കള്ളകളികളും കളിച്ചു. എന്നിട്ടും സഭ വീണ്ടും ജോസഫിനെ വേട്ടയാടി. അദ്ദേഹത്തിനെതിരെ കോതമംഗലം രൂപതയുടെ കീഴിലുള്ള പള്ളികളില്‍ ജോസഫിനെതിരായി ഇടയലേഖനം വായിച്ചു.

സഭയ്‌ക്കെതിരെ കേസുമായി പോകരുതെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നേരിട്ട് അഭ്യര്‍ത്ഥിച്ചു. അതുകൊണ്ട് തന്നെ സഭയ്‌ക്കെതിരെ കേസിനുപോകാന്‍ ജോസഫ് ഒരുമ്പെട്ടില്ല. എന്നിട്ടും ശമ്പള കുടിശ്ശികയോ, പെന്‍ഷനോ ലഭ്യമാക്കാതെ വീണ്ടും പീഡിപ്പിക്കാന്‍ സഭാ അധികാരികള്‍ ശ്രമിച്ചുകൊണ്ടേയിരുന്നു. ഇടതുകൈ കൊണ്ടാണ് 431 പേജുകള്‍ വരുന്ന ആത്മകഥ അദ്ദേഹം എഴുതിയത്. ഡി.സി ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.


Share now

Leave a Reply

Your email address will not be published. Required fields are marked *