സമരം ചെയ്ത് ജോലി നേടിയവർ സർക്കാരിന്റെ നോട്ടപ്പുള്ളികൾ; പകയൊടുങ്ങാതെ പിണറായി സർക്കാർ

Share now

ആലപ്പുഴ: പിഎസ്.സി റാങ്ക് പട്ടികയിലുള്ളവരുടെ സമരം സർക്കാരിനെ പ്രതിരോധത്തിലാക്കുന്നുവെങ്കിലും അവർക്ക് വഴങ്ങി കൊടുക്കുന്നത് പിന്നീട് ദോഷം ചെയ്യുമെന്ന സിപിഎമ്മിന്റെ രാഷ്ട്രീയ തീരുമാനമാണ് ഇന്നലെ സർക്കാർ നിയമസഭയിൽ കൈക്കൊണ്ടത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് ഇടത് സർക്കാരിനെ വെള്ളം കുടിപ്പിച്ചവർ തന്നെ വീണ്ടും പ്രതിഷേധവുമായി രംഗത്തെത്തിയത് മുഖ്യമന്ത്രിയെ പ്രകോപിപ്പിക്കുകയും ചെയ്തു.

ഇവരിൽ ആർക്കും നിലവിലുള്ള ലിസ്റ്റിൽ നിന്നും സർക്കാർ ജോലി നൽകില്ലെന്ന പിണറായിയുടെ പിടിവാശികൂടിയായപ്പോൾ നിരാശയായത് നൂറുകണക്കിന് യുവാക്കളാണ്. റാങ്ക് ലിസ്റ്റ് നീട്ടണമെന്ന് മുന്നണിയിലെ ചെറുകക്ഷികൾക്ക് താൽപര്യമുണ്ടായിരുന്നു. അത്തരത്തിൽ ചിലർ ഉദ്യോഗാർത്ഥികൾക്ക് ഉറപ്പും നൽകിയിരുന്നു. എന്നാൽ ലിസ്റ്റ് നീട്ടണമെന്ന കാര്യം മുഖ്യമന്ത്രിയുടെ മുന്നിൽ ആവശ്യപ്പെടാനുള്ള ധൈര്യം പലർക്കും ഇല്ലാതെ പോയി എന്നതാണ് വാസ്തവം. ഉദ്യോഗാർത്ഥികളുടെ സമരത്തെ സർക്കാരിനെതിരെയുള്ള വെല്ലുവിളി എന്ന തരത്തിലാണ് സിപിഎം വിലയിരുത്തിയത്.

റാങ്ക് ലിസ്റ്റിലുള്ളവർ എല്ലാ തവണയും സമരത്തിനിറങ്ങിയാൽ അത് സർക്കാരിന് തലവേദനയായി തീരുമെന്ന് പാർട്ടി കണക്കുകൂട്ടുന്നു. യുവാക്കളുടെ സമരം ഇപ്പോൾ കണ്ടില്ലെന്നു നടിക്കുക മാത്രമല്ല, ഇത്തരം ഭീഷണിക്ക് വഴങ്ങില്ലെന്ന് കൂടി വ്യക്തമാക്കണമെന്ന് സർക്കാരിന് നിർബന്ധമുണ്ടായിരുന്നു. ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിന്റെ അടിസ്ഥാനത്തിൽ ലിസ്റ്റിൽ നിന്നും ആളെയെടുക്കാം എന്നതിനപ്പുറം ഒരു ഒത്തുതീർപ്പും വേണ്ടെന്ന് പാർട്ടിയും നിർദേശം നൽകി.

റാങ്ക് ഹോൾഡേഴ്‌സെന്ന സംവിധാനത്തെ പ്രോത്സാഹിപ്പിക്കേണ്ടതില്ലെന്നതാണ് സിപിഎമ്മിന്റെ മറ്റൊരു തീരുമാനം. ലിസ്റ്റിൽ ഏറെ പിന്നിലായ, ജോലി കിട്ടാൻ സാധ്യതയില്ലാത്ത ആളുകൾ കൂടി ചേരുമ്പോഴാണ് സെക്രട്ടറിയേറ്റിന് മുന്നിലെ സമരം വൻ പ്രതിഷേധത്തിലേക്ക് നീങ്ങുന്നത്. ഇത്തരക്കാരുടെ പിന്നീടുള്ള കൂടിചേരലുകളും മറ്റും സിപിഎമ്മിന്റെ സംഘടനാ സംവിധാനത്തെ ബാധിക്കും. എസ്.എഫ്.ഐ ഡിവൈഎഫ്‌ഐ സംഘടനകൾക്കും ബുദ്ധിമുട്ടുണ്ടാകുമെന്നും പാർട്ടി കണക്കുകൂട്ടുന്നു. റാങ്ക് ഹോൾഡേഴ്‌സ് എന്നത് റാങ്ക് ലിസ്റ്റ് വരുമ്പോൾ തന്നെ ലിസ്റ്റിലുള്ളവർ ചേർന്ന് നിയമനത്തിന്റെ കാര്യങ്ങൾ അറിയുന്നതിനായി രൂപീകരിക്കുന്ന സംവിധാനം എന്നതിൽ നിന്നും മാറി സമരത്തിലേക്ക് ശക്തമായി കടന്നത് കഴിഞ്ഞ വർഷമാണ്. മുന്നിൽ നിന്ന് സമരം ചെയ്ത് ജോലി നേടിയവർ ഇപ്പോൾ സർക്കാരിന്റെ നോട്ടപ്പുള്ളികളാണ്. ഇടതു യൂണിയൻ നേതാക്കൾ ശത്രുതാ മനോഭാവത്തോടെ പെരുമാറുന്നുവെന്ന പരാതി പലഭാഗങ്ങളിൽ നിന്നും ഉയർന്നിട്ടുണ്ട്.


Share now