സ്വർണക്കടത്തിലെ അന്വേഷണം ശരിയായ രീതിയിൽ നടന്നാൽ ശ്രീരാമകൃഷ്ണൻ ജയിലിൽ പോകും; സ്‌പീക്കർ നിഷ്പക്ഷനല്ല; സഭാ ടി.വി തട്ടിപ്പിന്റെ കൂടാരം; സഭയിൽ ആഞ്ഞടിച്ച് പി.ടി തോമസ്

Share now

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിന്റെ അന്വേഷണം ശരിയായ ദിശയിൽ നടക്കുകയാണെങ്കിൽ സ്‌പീക്കർ ശ്രീരാമകൃഷ്ണൻ ജയിലിൽ പോകുമെന്ന് പി.ടി തോമസ് എം.എൽ.എ. സ്പീക്കര്‍ തനി പാര്‍ട്ടിക്കാരനാണ്. നിഷ്പക്ഷനായല്ല അദ്ദേഹം സഭയിൽ പ്രവർത്തിക്കുന്നത്. മുഖ്യമന്ത്രിയെ സഭയിൽ സ്പീക്കർ നിയന്ത്രിക്കുന്നില്ല.

സ്പീക്കറുടെ നിരവധി വിദേശയാത്രകളിൽ ഡോളര്‍ കടത്തിയെന്ന സംശയത്തിൻ്റെ അടിസ്ഥാനത്തിൽ ഓഫീസ് സ്റ്റാഫിനെ ഇതിനോടകം ചോദ്യം ചെയ്തിട്ടുണ്ട്. സഭാ സമ്മേളനം കഴിഞ്ഞാൽ സ്പീക്കറേയും ചോദ്യം ചെയ്യുമെന്നാണ് വ്യക്തമാകുന്നതെന്നും പിടി തോമസ് പറഞ്ഞു. ഭരണഘടനാസ്ഥാപനം സ്വ‍ര്‍ണക്കള്ളകടത്തിലും ഡോളര്‍ കടത്തിലും ഉൾപ്പെട്ടു എന്നത് തന്നെ ഞെട്ടിക്കുന്ന സംഭവമാണെന്നും സഭയ്ക്ക് ചേർന്ന പ്രവർത്തിയല്ല സ്‌പീക്കറിന്റേതെന്നും പി.ടി തോമസ് ആരോപിച്ചു.

പ്രതിപക്ഷനേതാവിനെതിരെ ഒരു കള്ളുക്കച്ചവടക്കാരൻ പരാതി പറഞ്ഞതിന് തൊട്ടടുത്ത ദിവസം തന്നെ അദ്ദേഹത്തിനെതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി കൊടുത്തു. ലക്ഷങ്ങൾ ചിലവഴിച്ചാണ് സഭാ ടിവി സജ്ജമാക്കിയത് എന്നാൽ ചിലവില്ലാതെയാണ് ഇതെല്ലാം ചെയ്തത് എന്നാണ് ഒരു ഇംഗ്ലീഷ് പത്രത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞത്. ശങ്കരനാരായണൻ തമ്പി ഹാൾ മോടിപിടിപ്പിക്കാൻ അനാവശ്യമായി പണം ചിലവഴിച്ചു. 72 കോടി രൂപയ്ക്കാണ് കേരള നിയമസഭ നിര്‍മ്മിച്ചത്. എന്നാൽ അതിലേറെ പണം ശ്രീരാമകൃഷ്ണൻ ഇതിനോടകം തന്നെ ചിലവഴിച്ചിട്ടുണ്ട്. കള്ളക്കടത്തുകാരാണ് മുഖ്യമന്ത്രിയേയും സ്പീക്കറേയും ഏറ്റെടുത്തതെന്നും പി.ടി തോമസ് പറഞ്ഞു.


Share now