അര്‍ണബിന് രാജ്യരഹസ്യം ചോര്‍ത്തി നല്‍കിയത് പ്രധാനമന്ത്രി; ഇവര്‍ രാജ്യസ്‌നേഹികളല്ല, രാജ്യദ്രോഹികളാണ്; നമ്മുടെ ജവാന്മാര്‍ കൊല്ലപ്പെട്ടതില്‍ ആഹ്ലാദിക്കുന്നവരെ എങ്ങനെ രാജ്യസ്‌നേഹികളെന്ന് വിളിക്കുമെന്ന് രാഹുല്‍ഗാന്ധി

Share now

ന്യൂഡല്‍ഹി: ബാലാക്കോട്ട് അക്രമവുമായി ബന്ധപ്പെട്ട ഔദ്യോഗിക രഹസ്യം മാധ്യമപ്രവര്‍ത്തകനായ അര്‍ണബ് ഗോസ്വാമിക്ക് ചോര്‍ത്തി കൊടുത്ത സംഭവം ക്രിമിനല്‍ കുറ്റമാണെന്ന് രാഹുല്‍ഗാന്ധി. ഔദ്യോഗിക രഹസ്യം കൈമാറുന്നതും അത് ദുര്‍വിനിയോഗം ചെയ്യുന്നതും ക്രിമിനല്‍ കുറ്റമായി കണക്കാക്കി കേസെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

പ്രധാനമന്ത്രി നരേന്ദ്രമോദിയും അദ്ദേഹത്തിന്റെ മന്ത്രിസഭാ അംഗങ്ങള്‍ക്കും ദേശീയ സുരക്ഷാ ഉപദേശകനുമുള്‍പ്പെടെ ആറ് പേര്‍ക്ക് മാത്രമാണ് ഇതേക്കുറിച്ച് വിവരമുണ്ടായിരുന്നത്. ആരാണ് ഈ വിവരം ചോര്‍ത്തി കൊടുത്തതെന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു. മിക്കവാറും പ്രധാനമന്ത്രി തന്നെയാണ് ഈ വിവരം ചോര്‍ത്തികൊടുക്കാന്‍ ഇടയുള്ളത്. അതുകൊണ്ട് തന്നെ ഈ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഇടയില്ലെന്നും രാഹുല്‍ഗാന്ധി കളിയാക്കി.

റിപ്പബ്ലിക് ടിവി ചീഫ് എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയും, ബാര്‍ക് മുന്‍ സിഇഒ പാര്‍ത്ഥോ ദാസ് ഗുപ്തയും തമ്മിലുള്ള വാട്‌സാപ്പ് ചാറ്റുകളിലാണ് ബാലാക്കോട്ട് അക്രമത്തെക്കുറിച്ച് തനിക്ക് അറിവുണ്ടായിരുന്നുവെന്ന കാര്യം അര്‍ണബ് ഗോസ്വാമി വെളിപ്പെടുത്തിയത്. ദേശീയ ഔദ്യോഗിക രഹസ്യം പുറത്തുവിടുന്നത് രാജ്യദ്രോഹ കുറ്റമാണ്. ‘ നമ്മുടെ സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെടുന്നത് നല്ലതാണെന്നാണ് വാട്‌സാപ്പ് ചാറ്റില്‍ പറയുന്നത്. ഇത് അങ്ങേയറ്റം ദേശവിരുദ്ധവും രാജ്യദ്രോഹവുമാണെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു.

ഇവര്‍ അവരെ സ്വയം വിളിക്കുന്നത് രാജ്യസ്‌നേഹികളെന്നാണ്. നമ്മുടെ വ്യോമസേനയെ അപകടത്തിലാക്കുന്ന വിധത്തിലുള്ള ഏര്‍പ്പാടുകളിലാണ് ഇക്കൂട്ടര്‍ തുനിഞ്ഞിറങ്ങിയത്. ഇത് ഒരിക്കലും ദേശസ്‌നേഹത്തിന്റെ ഭാഗമല്ല. രാഷ്ട്രീയ ലാഭത്തിന് വേണ്ടി രാജ്യതാല്‍പര്യങ്ങള്‍ ബലികഴിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പാക്കിസ്ഥാനിലെ ബാലാക്കോട്ടില്‍ തീവ്രവാദി ക്യാമ്പുകളില്‍ ഇന്ത്യ നടത്തിയ എയര്‍ സ്‌ട്രൈക്കിനെക്കുറിച്ച് അര്‍ണബ് ഗോസ്വാമിക്ക് മുന്‍കൂട്ടി വിവരമുണ്ടായിരുന്നു. ഫുല്‍വാമയില്‍ 40 സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടതില്‍ അര്‍ണബ് ഗോസ്വാമി ആഹ്ലാദം പ്രകടിപ്പിച്ചിരുന്നു.


Share now