വ്യോമസേനയുടെ നീക്കം അർണബിന് അറിയാമെങ്കിൽ പാകിസ്ഥാനും വിവരം കിട്ടിയിരിക്കും; ഒറ്റയ്ക്കായാലും കർഷകർക്കൊപ്പം നിയമം പിൻവലിക്കുംവരെ പോരാട്ടം തുടരുമെന്ന് രാഹുൽ ഗാന്ധി

Share now

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾ രാജ്യത്തെ കാർഷിക മേഖലയെ തന്നെ തകർക്കാൻ വേണ്ടി രൂപം കൊടുത്തതാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കേന്ദ്രസർക്കാറിന്‍റെ നിയമ നിർമാണങ്ങളിലെ പ്രത്യാഘാതം ഉയർത്തിക്കാട്ടുന്ന ബുക്ക്​ലെറ്റായ ‘ഖേതി കാ ഖൂന്‍’ എന്ന പുസ്‌തകം ​ പുറത്തിറക്കവേ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രസർക്കാറിന്‍റെ കാർഷിക നിയമങ്ങൾ വരുത്തി തീർക്കാവുന്ന അപകടത്തെ ആസ്പദമാക്കിയുള്ളതാണ് ​ബുക്ക്​ലെറ്റ്​. ഡൽഹി ആസ്​ഥാനത്ത്​ നടത്തിയ വാർത്താസമ്മേളനത്തിലാണ് ബുക്ക്​ലെറ്റ്​ പ്രകാശനം ചെയ്​തത്.

രാജ്യത്ത്​ ഒരു ദുരന്തം നടന്നുകൊണ്ടിരിക്കുകയാണ്​. സർക്കാർ ജനങ്ങളുടെ പ്രശ്​നങ്ങളെ അവഗണിക്കുകയും ​ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നു​. തന്റെ പോരാട്ടം കര്‍ഷകര്‍ക്ക് വേണ്ടി മാത്രമുള്ളതല്ലെന്നും രാജ്യത്തിന്റെ ഭാവിയായ യുവാക്കള്‍ക്ക് കൂടിയുള്ളതാണെന്നും രാഹുല്‍ പറഞ്ഞു. കാർഷിക മേഖലയിലും കുത്തക വത്കരണത്തിന് നീക്കം നടക്കുന്നുണ്ട്. യഥാർത്ഥ രാജ്യസ്നേഹികളാണ് കർഷകരെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ കർഷകത്തൊഴിലാളികൾ ഭൂരിഭാഗവും എസ്​.സി/എസ്​.ടി​, ഒ.ബി.സി വിഭാഗങ്ങളിൽപ്പെട്ടവരാണ്​. അവരെ ഈ നിയമങ്ങൾ പ്രതികൂലമായി ബാധിക്കും. കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന കർഷകരുടെ ആവശ്യത്തിൽ കർഷകർക്കൊപ്പം കോൺഗ്രസും ഉണ്ടാകും. കാർഷിക നിയമങ്ങൾക്കെതിരെ 2019 നവംബറിൽ ആരംഭിച്ച സമരം ഡൽഹി അതിർത്തിയിൽ തുടരുകയാണെന്നും അടിസ്​ഥാന താങ്ങുവില ഉറപ്പാക്കണമെന്നുമുള്ള കർഷകരുടെ ആവശ്യം സർക്കാർ അംഗീകരിക്കണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

അർണബ് ഗോസാമിയുടെ വാട്സ്ആപ്പ് ചാറ്റുകൾ എങ്ങനെ പുറത്തുവന്നുവെന്ന് അറിയില്ല. അർണബിന് ചോർത്തിയവർ ചെയ്തത് ക്രിമിനൽ കുറ്റമാണ്. വ്യോമസേനയുടെ നീക്കം അർണബിന് അറിയാമെങ്കിൽ പാകിസ്ഥാനും ഇത് സംബന്ധിച്ച വിവരം ഉറപ്പായും കിട്ടികാണുമെന്നും രാഹുൽ പറഞ്ഞു.


Share now