സംഘ പരിവാറിനെതിരെ തുടരെയുള്ള പരസ്യ പ്രതികരണങ്ങൾ; തപ്‌സിയുടെയും, അനുരാഗ് കശ്യപിന്റെയും വീട്ടിൽ ഇന്നും ആദായ നികുതി റെയ്‌ഡ്‌; ഇരുവരെയും ഇന്ന് ചോദ്യം ചെയ്യും; മോദി സ്തുതി പാടിയാൽ അക്ഷയ് കുമാറിനെ പോലെ അവാർഡുകളും ആദരവുകളും വാങ്ങാമെന്ന് പരിഹാസം

Share now

മുംബൈ: പ്രശസ്ത ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപിന്റെയും നടി തപ്‌സി പന്നുവിന്റെയും വീട്ടില്‍ ആദായ നികുതി വകുപ്പിന്റെ റെയ്‌ഡ്‌ ഇന്നും തുടരുന്നു. നിർമാതാവ് മധു മന്ദേന, വികാസ്​ ബാൽ എന്നിവരുടെ വീട്ടിലും, ഓഫീസിലും ആദായനികുതി വകുപ്പ്​ പരിശോധന നടത്തുന്നുണ്ട്​. ഇന്ന് ഇവരെയെല്ലാവരെയും ചോദ്യം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. സംഘപരിവാറിനെയും മോദിയെയും സ്‌ഥിരമായി വിമർശിക്കുന്ന ഇവരുടെ വീടുകളിലെ റെയ്‌ഡ്‌ രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണമാണ് ഉയരുന്നത്. ബുധനാഴ്ച ആറുമണി​ക്കൂറോളമാണ്​ അനുരാഗിന്‍റെയും തപ്​സിയുടെയും മുംബൈയിലെയും,പൂനൈയിലെയും വീടുകളിൽ പരിശോധന നടത്തിയത്​.

കേന്ദ്ര സർക്കാരിന്റെ കാർഷിക ബില്ലിനെതിരെയും,പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരേയും തപ്‌സി നിരന്തരം പ്രതികരിച്ചിരുന്നു. ഈ പ്രതികരണങ്ങളെല്ലാമാണ് ഇപ്പോൾ തപ്സിയുടെ വീട് റെയ്‌ഡ്‌ ചെയ്യുന്നതുവരെ കാര്യങ്ങൾ എത്തിച്ചിരിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ പ്രതികാര നടപടികൾക്കെതിരെ നിരവധിപേർ ഇതിനോടകം തന്നെ താരങ്ങൾക്ക് പിന്തുണയുമായി എത്തിയിട്ടുണ്ട്. മോദി സ്തുതി പാടിയാൽ അക്ഷയ് കുമാറിനെ പോലെ ആദരവുകളും അവാർഡുകളും വാങ്ങാമെന്ന് യുട്യൂബര്‍ ധ്രുവ് റാഠി പറഞ്ഞു. കേന്ദ്രസര്‍ക്കാരിനെ പിന്തുണയ്ക്കുന്നവരെയും അവർക്കെതിരെ പ്രതികരിക്കുന്നവരെയും എങ്ങനെയാണ് മോദി സര്‍ക്കാര്‍ പരിഗണിക്കുന്നതെന്ന് എന്ന് വ്യക്തമാക്കുന്ന ചിത്രത്തോടെയായിരുന്നു ധ്രുവിന്റെ വിമര്‍ശനം.

How Modi Govt treats

1: Their own Chamachas
2: Any Dissenter who speaks their opinion

Posted by Dhruv Rathee on Wednesday, 3 March 2021

എന്നാൽ, ഫാന്റം ഫിലിംസുമായി ബന്ധപ്പെട്ട നികുതി തട്ടിപ്പ് കേസിലാണ് മൂവരുടെയും വീടുകളിലേക്ക് ആദായ നികുതി വകുപ്പ് റെയ്‌ഡ്‌ നടത്തിയതെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. ആദായ നികുതി റിട്ടേൺ സമർപ്പിച്ചതും ലാഭവിവര കണക്കുകളും തമ്മിൽ പൊരുത്തക്കേടുകളു​ണ്ടെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ റെയ്​ഡ്​ നടക്കുന്നത്. ഇവരുമായി ബന്ധപ്പെട്ട എല്ലാ ഡിജിറ്റൽ തെളിവുകളും ഉദ്യോഗസ്‌ഥർ ശേഖരിക്കുന്നുണ്ടെന്നും ഉദ്യോഗസ്‌ഥർ പറയുന്നുണ്ട്.


Share now