സാധുക്കളായ പി.എസ്.സി റാങ്ക് ജേതാക്കള്‍ മുട്ടിലിഴഞ്ഞും ശയനപ്രദക്ഷിണം നടത്തിയും നടത്തുന്ന സമരത്തെ കള്ളക്കണക്ക് കൊണ്ട് നേരിടാമെന്നാണോ മുഖ്യമന്ത്രി കരുതുന്നത്? കള്ളക്കണക്കുകളെ പൊളിച്ച് രമേശ് ചെന്നിത്തല

Share now

പത്തനംതിട്ട: സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്ന പി.എസ്.സി റാങ്കുജേതാക്കളെ അധിക്ഷേപിക്കുന്ന പിണറായി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളം അടുത്ത കാലത്തൊന്നും കണ്ടിട്ടില്ലാത്തത്ര സഹനസമരമാണ് സെക്രട്ടേറിയറ്റിനു മുന്നില്‍ നടക്കുന്നത്. മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത ആരെയും വേദനിപ്പിക്കുന്ന കാഴ്ചകളാണ് അവിടെ കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. പക്ഷേ, ഈ കാഴ്ചകളൊന്നും മുഖ്യമന്ത്രിയേയോ സംസ്ഥാനത്ത് ഭരണം കയ്യാളുന്നവരെയോ അലോസരപ്പെടുത്തുന്നില്ല. പി.എസ്.സി. റാങ്കുജേതാക്കളെ ചവിട്ടി മെതിച്ച് പിന്‍വാതില്‍ വഴി തങ്ങളുടെ ഉറ്റവരെ മാത്രമേ നിയമിക്കൂഎന്ന വാശിയിലാണ് മുഖ്യമന്ത്രി. ഐശ്വര്യകേരളയാത്രയുടെ ഭാഗമായി പത്തനംതിട്ടയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് രമേശ് ചെന്നിത്തല സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്. സമരം പൊളിക്കാന്‍ മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞ കണക്കുകളിലെ പൊള്ളത്തരത്തെയും രമേശ് ചെന്നിത്തല തുറന്നുകാട്ടി.
പൊലീസില്‍ ഇടതുമുന്നണി സര്‍ക്കാര്‍ 13,825 നിയമനങ്ങള്‍ നടത്തിയപ്പോള്‍ കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാര്‍ ആകെ 4,791 നിയമനങ്ങള്‍ മാത്രമേ നടത്തിയിട്ടുള്ളു എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതായത് യു.ഡി.എഫ്. സര്‍ക്കാര്‍ നടത്തിയതിന്റെ മൂന്നിരട്ടി നിയമനങ്ങള്‍ ഇടതുസര്‍ക്കാര്‍ നടത്തിയെന്ന്. മുഖ്യമന്ത്രിക്ക് എവിടെ നിന്നാണ് ഈ കണക്ക് കിട്ടിയതെന്ന് അറിയില്ല. മുഖ്യമന്ത്രിക്കസേരയിലിരിക്കുമ്പോഴെങ്കിലും കള്ളക്കണക്കുകള്‍ നിരത്തുന്നത് ശരിയാണോ എന്ന് അദ്ദേഹം തന്നെ ആലോചിക്കണം. 2011 മുതല്‍ 2016 വരെയുള്ള കാലയളവില്‍ യഥാര്‍ത്ഥത്തില്‍ നടന്ന പൊലീസ് നിയമനങ്ങളുടെ എണ്ണം 12,185 ആണ്. അതാണ് മുഖ്യമന്ത്രി 4,791 എന്ന് പറഞ്ഞത്.

സി.പി.ഒ. – 10,003, ഡബ്ലിയു.സി.പി.ഒ. – 1353, ടെലികമ്യൂണിക്കേഷന്‍ പി.സി. – 215, എസ്.ഐ. ജനറല്‍ 487, ആര്‍.എസ്.ഐ. 118, എ.പി.എസ്.ഐ. 9, എന്നിങ്ങനെ ആകെ 12185 നിയമനങ്ങളാണ് യു.ഡി.എഫ് കാലത്ത് നടന്ന പോലീസ് നിയമനങ്ങള്‍.

സാധുക്കളായ പി.എസ്.സി. റാങ്ക് ജേതാക്കള്‍ മുട്ടിലിഴഞ്ഞും ശയനപ്രദക്ഷിണം നടത്തിയും നടത്തുന്ന സമരത്തെ കള്ളക്കണക്ക് കൊണ്ട് നേരിടാമെന്നാണോ മുഖ്യമന്ത്രി കരുതുന്നതെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. മുഖ്യമന്ത്രി പറയുന്ന ആകെ നിയമനങ്ങളുടെ കാര്യത്തിലും ഇതേ കള്ളത്തരമുണ്ട്. ഇന്നലെ മുഖ്യമന്ത്രി അവകാശപ്പെട്ടത് ഇടതു സര്‍ക്കര്‍ കാലത്ത് 1,57,909 നിയമന ശുപാര്‍ശകള്‍ നടത്തിയിട്ടുണ്ടെന്നാണ്. (രണ്ട് മൂന്ന് ദിവസം മുമ്പ് അത് 1,51,000 ആയിരുന്നു) അതിനെ മുഖവിലക്കെടുത്താല്‍ പോലും പോലും യു.ഡി.എഫ്. കാലഘട്ടത്തേതിന്റെ അത്ര എത്തുന്നില്ല. കഴിഞ്ഞ യു.ഡി.എഫ്. കാലഘട്ടത്തില്‍ 1,58,680 നിയമനങ്ങളാണ് പി.എസ്.സി. വഴി നടത്തിയത്. മുഖ്യമന്ത്രിയുടെ വിചിത്രമായ കണക്കുകള്‍ വേറെയുമുണ്ട്. നൂറുദിന കര്‍മ്മ പരിപാടി അനുസരിച്ച് 1,21,083 പേര്‍ക്ക് തൊഴില്‍ നല്‍കി എന്നാണ് മുഖ്യമന്ത്രി പറയുന്നത്. എവിടെയാണ് ഈ തൊഴില്‍ നല്കിയത്? അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് തൊഴില്‍ ലഭിച്ച കാര്യമായിരിക്കും അ്‌ദ്ദേഹം പറയുന്നതെന്ന് രമേശ് ചെന്നിത്തല വിമര്‍ശിച്ചു.

മുഖ്യമന്ത്രിയുടെ ഓഫീസില്‍ മുഖ്യമന്ത്രിയുടെ ഒപ്പിടാന്‍ ആളെ ഇരുത്തിയിരിക്കുന്നത് പോലെ കള്ളക്കണക്കെഴുതാനും ആളെ വച്ചിട്ടുണ്ടോ? മുഖ്യമന്ത്രി പറയുന്ന എല്ലാ അസത്യങ്ങള്‍ക്കും മറുപടി പറയേണ്ട കാര്യമില്ല. അത് ജനങ്ങള്‍ തിരിച്ചറിഞ്ഞോളും. സിവില്‍ പൊലീസ് ഓഫീസര്‍ ലിസ്റ്റില്‍ യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. യൂണിവേഴ്‌സിറ്റി കോളേജിലെ കുത്തുകേസിലെ പ്രതികളായ കുട്ടിസഖാക്കള്‍ പി.എസ്.സി. പരീക്ഷ തട്ടിപ്പ് നടത്തിയതു കാരണമാണ് ആറുമാസത്തോളം ആ ലിസ്റ്റ് മരവിച്ചു പോയത്. അതു കഴിഞ്ഞ് കോവിഡ് വന്നു. ആകെ മൂന്ന് മാസമാണ് ഈ ലിസ്റ്റിന് ആയുസ് കിട്ടിയുള്ളു. അത് റാങ്ക് ജേതാക്കളുടെ കുഴപ്പം കൊണ്ടല്ലല്ലോ? സ്വന്തം പാര്‍ട്ടിക്കാര്‍ക്ക് മാത്രമേ ജോലി കൊടുത്തു എന്ന സമീപനം യു.ഡി.എഫ്. ഒരിക്കലും സ്വീകരിച്ചിട്ടില്ല. എല്ലാ മാനദണ്ഡങ്ങളും പാലിച്ച് യോഗ്യത നോക്കിയാണ് പിന്‍വാതില്‍ നിയമനങ്ങളും സ്ഥിരപ്പെടുത്തലും നടത്തുന്നതെന്ന് മുഖ്യമന്ത്രി അവകാശപ്പെടുന്നത്. സ്വപ്ന സുരേഷിനെ മുഖ്യമന്ത്രിയുടെ കീഴില്‍ സ്‌പേസ് പാര്‍ക്കിന്റെ തലപ്പത്ത് വന്‍ ശമ്പളത്തില്‍ നിയമിച്ചത് യോഗ്യത നോക്കിയാണോ? പിന്‍വാതില്‍ നിയമനത്തിന് പോലും കണ്‍സള്‍ട്ടന്‍സി കൊടുത്ത സര്‍ക്കാല്ലേ ഇത്. മിന്റ് എന്ന ഏജന്‍സി ചീഫ് സെക്രട്ടറിയുടെ ഓഫീസില്‍ പോലും നിയമനം നടത്തി. യോഗ്യത നോക്കിയാണോ? പിഡബ്ല്യുയു.സി.ക്ക് സെക്രട്ടേറിയറ്റില്‍ ഓഫീസ് തുടങ്ങാന്‍ തീരുമാനിച്ച സര്‍ക്കാരല്ലേ ഇത്? – രമേശ് ചെന്നിത്തല ചോദിച്ചു.

മുഖ്യമന്ത്രിയുടെ കീഴിലെ ഐ.ടി. വകുപ്പിലെ അനധികൃതനിയമനങ്ങളെ കുറിച്ച് ധനകാര്യ ഇന്‍്‌സ്‌പെക്ഷന്‍ വിഭാഗം അന്വേഷിച്ച റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടെങ്കില്‍ പുറത്തു വിടാമോ.? യോഗ്യത നോക്കിയാണോ നിയമനം നല്‍കിയതെന്ന് അപ്പോഴറിയാം. പി.എസ്.സി. ലിസ്റ്റിലുള്ള എല്ലാവര്‍ക്കും നിയമനം നല്കാനാവില്ലെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍, കഴിയുന്നത്ര പേര്‍ക്ക് നിയമനം നല്കണം. അല്ലാതെ ഞങ്ങളുടെ പാര്‍ട്ടിക്കാര്‍ക്ക് മാത്രമേ നിയമനം നല്‍കു എന്ന പിടിവാശി നല്ലതല്ല. സമരം നടത്തുന്ന യുവാക്കളോട് ഒരു ചര്‍ച്ചയ്ക്ക് പോലും തയ്യാറല്ല എന്ന മാടമ്പിത്തരം ഒരു മുഖ്യമന്ത്രിക്ക് ചേര്‍ന്നതല്ല.

പശ്ചിമബംഗാളില്‍ പിന്‍വാതില്‍ നിയമനത്തിനെതിരെ സി.പി.എമ്മും ഡി.വൈ.എഫ്.ഐയും രൂക്ഷമായ സമരമാണ് നടത്തുന്നത്. ഒരു ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകന്‍ അവിടെ മരിക്കുക പോലും ചെയ്തു. അവിടെ അങ്ങനെ. ഇവിടെ ഇങ്ങനെ. ഇതാണ് സി.പി.എമ്മിന്റെ കാപട്യം. – രമേശ് ചെന്നിത്തല പറഞ്ഞു.


Share now