സ്പീക്കറെ നീക്കാനുള്ള അടിയന്തരപ്രമേയം കൊണ്ടു വന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയല്ല; അങ്ങനെയൊരു ഉദ്ദേശം ഉണ്ടായിരുന്നെങ്കിൽ പ്രമേയം കൊണ്ടു വരേണ്ടത് മുഖ്യമന്ത്രിക്കെതിരെയായിരുന്നു; ജനാധിപത്യത്തെ ക്രൂശിലേറ്റി സഭയെ ചവിട്ടിതേയ്ക്കുമ്പോൾ നോക്കിനിൽക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ്

Share now

തിരുവനന്തപുരം: സ്പീക്കറെ നീക്കണം എന്നുള്ള പ്രതിപക്ഷ അടിയന്തരപ്രമേയം കൊണ്ടു വന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അങ്ങനെയൊരു ലക്‌ഷ്യം പ്രതിപക്ഷത്തിന് ഉണ്ടായിരുന്നെങ്കിൽ പ്രമേയം മുഖ്യമന്ത്രിക്കെതിരെ കൊണ്ട് വരുമായിരുന്നു. സ്പീക്കര്‍ സ്ഥാനത്ത് തുടരാൻ പി.ശ്രീരാമകൃഷ്ണന് ധാര്‍മികമായി അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഭരണഘടനാ പദവിയായ സ്പീക്കർ പദവിയെ ശ്രീരാമകൃഷ്ണൻ ദുരുപയോഗം ചെയ്തു. സഭയുടെ അന്തസിനെ ഇടിച്ചു താഴ്ത്തിയ ആദ്യ സ്പീക്കര്‍ എന്ന് ചരിത്രം രേഖപ്പെടുത്തുക പി.ശ്രീരാമകൃഷ്ണനെയായിരിക്കും. കഴിഞ്ഞ നിയമസഭയിൽ സ്പീക്കറുടെ വേദിയിലേക്ക് ഇടിച്ചു കയറി ആ കസേര തള്ളി താഴേക്കിട്ട സംഘത്തിലെ പ്രധാനിയായിരുന്നു പി.ശ്രീരാമകൃഷ്ണൻ. നിക്ഷ്പക്ഷമായും പക്വതയോട് കൂടിയും പ്രവർത്തിക്കാൻ സ്പീക്കറിന് ഇതുവരെയും കഴിഞ്ഞിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

ദേശവിരുദ്ധ കുറ്റത്തിന് ജയിലിൽ കിടക്കുന്ന പ്രതികളുമായുള്ള സ്‌പീക്കറിന്റെ ബന്ധം സംശയത്തിന്റെ നിഴലിലാണ്. യോഗ്യത ഇല്ലാത്ത ഒരാൾ സ്പീക്കറായി വന്ന് യോഗ്യതയില്ലാത്ത കാര്യം ചെയ്തതിനാലാണ് ഈ പ്രമേയം കൊണ്ട് വന്നത്. സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്നസുരേഷ് കോടതിയിൽ മജിസ്ട്രേറ്റിന് മുന്നിൽ 164-ാം വകുപ്പ് പ്രകാരം രഹസ്യമൊഴി നൽകി. ആ മൊഴി കേട്ട് അന്തംവിട്ടു പോയെന്നാണ് ജഡ്ജി പറഞ്ഞത്. ജഡ്ജി അന്തം വിട്ടെങ്കിൽ ജനം ബോധംകെട്ടു വീഴില്ലേയെന്നും രമേശ് ചെന്നിത്തല ചോദിച്ചു.

സ്‌ഥലം എം.എൽ.എ ആയ സി.ദിവാകരൻ കേസിൽ ആരോപണ വിധേയരായ പ്രതികളുടെ ഉത്‌ഘാടനത്തിന് പോയിട്ടില്ല. എന്നാൽ കേസിലെ പ്രതികളുമായി വലിയ ബന്ധം സ്പീക്കര്‍ക്ക് ഉണ്ട്. നിയമസഭയുടെ ആദ്യത്തെ സ്പീക്കറായ ശങ്കരൻതമ്പി സർ ലാളിത്യത്തിന്റെ പ്രതീകമായിരുന്നു. എന്നാൽ സംസ്‌ഥാനം സാമ്പത്തിക ഞെരുക്കത്തിലൂടെ കടന്നു പോകുമ്പോൾ 16 കോടി രൂപ മുടക്കി ധൂർത്ത് നടത്തിയത് അദ്ദേഹത്തെ അപമാനിച്ചതിന് തുല്യമാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.


Share now