സ്വർണക്കടത്തിലെ രണ്ടാമത്തെ മന്ത്രിയെ തനിക്കറിയാമെന്ന് ചെന്നിത്തല; മന്ത്രിയാരാണെന്ന് സർക്കാർ തന്നെ വ്യക്തമാക്കണം

Share now

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ ഉൾപ്പെട്ടിരിക്കുന്ന രണ്ടാമത്തെ മന്ത്രിയുടെ പേര് തനിക്ക് അറിയാമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എന്നാൽ അതാരാണ് എന്ന് താൻ പറയുന്നില്ലെന്നും സർക്കാർ തന്നെ അത് വെളിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

ലൈഫ് മിഷൻ പദ്ധതിയുടെ ധാരണാപത്രം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് നേരത്തെ കത്ത് എഴുതിയിരുന്നു. എന്നാൽ ഇതിന് മറുപടി ലഭിച്ചില്ല. ഇന്ന് ഇത് ചൂണ്ടിക്കാട്ടി മറ്റൊരു കത്ത് നൽകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.20 കോടി രൂപയുടെ പദ്ധതി 9 കോടിയുടെ കമ്മീഷൻ വാങ്ങിയത് ആരാണെന്ന് പുറത്ത് വരണം.

മുഖ്യമന്ത്രിയ്ക്ക് ഇപ്പോൾ സമരങ്ങളോട് വിയോജിപ്പാണ്. കമ്മ്യുണിസ്റ്റ് പാർട്ടിയിൽപ്പെട്ട ഒരാൾക്ക് സമരത്തിനോട് എതിർപ്പ് തോന്നുന്നത് തന്നെ ആശ്ചര്യപ്പെടുത്തുന്നതാണെന്നും ചെന്നിത്തല പറഞ്ഞു. കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് കൊണ്ടുള്ള സമരം വരും ദിവസങ്ങളിൽ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.അഴിമതി ആരാണ് ചെയ്യുന്നതെന്നും മുഖ്യമന്ത്രി ഗൾഫിൽ പോയപ്പോൾ എത്ര പണം പിരിച്ചുവെന്നുള്ള കാര്യങ്ങളും അന്വേഷിച്ച് കണ്ടെത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.


Share now