റിമാന്റ് പ്രതി ഷഫീക്കിന്റെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി ; ‘മരണകാരണം തലയ്‌ക്കേറ്റ ക്ഷതം’

Share now

കൊച്ചി: റിമാന്‍ഡില്‍ കഴിയവേ ജയിലില്‍ വെച്ച് മരിച്ച ഷഫീക്കിന്റെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി. മരണകാരണം തലയ്‌ക്കേറ്റ ക്ഷതമാണെന്നാണ് പ്രാഥമിക നിഗമനം. തലയുടെ മുന്‍ഭാഗത്ത് ക്ഷതമേറ്റിട്ടുണ്ട്. ഇടതുകണ്ണിന് മുകളിലായാണ് മുറിവ്. ആന്തരിക രക്തസ്രാവം മരണത്തിലേക്ക് നയിച്ചു. പരിക്കുണ്ടാകാന്‍ കാരണം വീഴ്ച മൂലമാണോ മര്‍ദ്ദനം മൂലമാണോ എന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി.

പ്രതിയെ റിമാന്റില്‍ പ്രവേശിപ്പിച്ചിരുന്ന ബോര്‍സ്റ്റല്‍ സ്‌കൂളിലും ജനറല്‍ ആശുപത്രിയിലുമെത്തി ഡിഐജി സാം തങ്കയ്യന്റെ നേതൃത്വത്തില്‍ തെളിവെടുപ്പ് നടത്തി. ജയിലിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. റിമാന്റിലായിരുന്ന കാഞ്ഞിരപ്പള്ളി സ്വദേശി ഷഫീക്കിന്റെ മരണകാരണം മര്‍ദനമേറ്റതാണെന്ന ബന്ധുക്കളുടെ ആരോപണത്തെ തുടര്‍ന്നാണ് അന്വേഷണത്തിന് ജയില്‍ ഡിജിപി ഋഷിരാജ് സിങ് ഉത്തരവിട്ടത്.

നാളെ കോട്ടയം മെഡിക്കല്‍ കോളേജിലും തെളിവെടുപ്പ് നടത്തിയ ശേഷമാകും ഡിജിപിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. അപസ്മാരവും ഛര്‍ദിയെയും തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രതിയെ ശാസ്ത്രക്രിയക്ക് വിധേയമാക്കും മുമ്പാണ് മരിച്ചത്. തലയ്ക്ക് പിന്നില്‍ മുറിവുകള്‍ ഉണ്ടെന്നും ഇത് പൊലീസ് മര്‍ദ്ദനത്തില്‍ ഉണ്ടായതാണെന്നുമാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.


Share now