ഷെഫീഖിന്റെ മരണത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു; റിമാന്റിലായിരുന്ന പ്രതി ഷഫീഖിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആവര്‍ത്തിച്ച് കുടുംബം

Share now

സാമ്പത്തിക തട്ടിപ്പ് കേസില്‍ കാക്കനാട് ജില്ലാ ജയിലില്‍ റിമാന്റില്‍ കഴിയുകയായിരുന്ന പ്രതി ഷഫീഖ് മരിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകശാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. പോലീസ് മര്‍ദ്ദനത്തെ തുടര്‍ന്നാണ് ഷഫീഖ് മരിച്ചതെന്ന കുടുംബത്തിന്റെ ആരോപണത്തെതുടര്‍ന്നാണ് മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തത്. ജയില്‍ ഡിജിപിയും കോട്ടയം ജില്ലാ പൊലീസ് മേധാവിയും അന്വേഷണം നടത്തി മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവ് നല്‍കി.

മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മീഷന്റെ നടപടി. കാഞ്ഞിരപള്ളി വട്ടകപ്പാറ തൈപ്പറമ്പില്‍ ഷെഫീഖാണ് (36) കോട്ടയം മെഡിക്കല്‍ കേളേജില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ചൊവ്വാഴ്ച വൈകിട്ടാണ് ഷെഫീഖിനെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ഷെഫീക്കിന്റെ തലയ്ക്ക് പിന്നിലുള്ള മുറിവ് പൊലീസ് മര്‍ദ്ദനത്തില്‍ സംഭവിച്ചതാണെന്ന് യുവാവിന്റെ കുടുംബം ആരോപിച്ചു.

പൊലീസ് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതെന്നാണ് മരിച്ച ഷഫീഖിന്റെ മാതാപിതാക്കള്‍ ആരോപിക്കുന്നത്. ആരുമില്ലാത്ത സമയത്താണ് ഷഫീഖിനെ പോലീസ് പിടിച്ച് കൊണ്ടുപോയത്. സംഭവത്തില്‍ വിശദമായ അന്വേഷണം വേണം. പൊലീസിന്റെ ഭാഗത്ത് നിന്നുള്ള ഇടപെടലാണ് മരണകാരണമെന്ന് ഷഫീഖിന്റെ ഭാര്യ സെറീനയും ആരോപിച്ചു.

സംഭവത്തില്‍ ജയില്‍ സൂപ്രണ്ട് ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഷെഫീഖിന്റെ ശരീരത്തില്‍ പരിക്കുകള്‍ ഉണ്ടായിരുന്നില്ലെന്നാണ് ജയില്‍ സൂപ്രണ്ടിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ജയിലില്‍ എത്തിച്ചപ്പോള്‍ ഷെഫീഖിന് പരിക്കുകള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ജയിലില്‍ വെച്ചു അപസ്മാരവും ചര്‍ദ്ദിയും ഉണ്ടായി. ഇതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നെറുകയില്‍ വലിയ മുറിവുണ്ട്. അടിവയറ്റിലും നടുവിന്റെ പിന്നിലും നീല നിറത്തിലുള്ള പാടുമുണ്ട്. നല്ല ആരോഗ്യമുള്ള ചെറുപ്പക്കാരനായിരുന്നു അവന്‍. സഹിക്കാന്‍ പറ്റുന്നതിലേറെ തല്ലിയതു കൊണ്ടാണു മരിച്ചത്. ഷെഫീഖിനെ തിരിച്ചറിയാന്‍ സാധിക്കാത്ത വിധത്തില്‍ ഷെഫീക്കിന്റെ മുഖത്തു പൊലീസ് മര്‍ദിച്ചുവെന്നാണ് സഹോദരന്‍ പറയുന്നത്. തലയുടെ പിന്നിലെ മുറിവില്‍ പത്തില്‍ കൂടുതല്‍ തുന്നലുണ്ട്. വയറിലും നടുവിലുമെല്ലാം ചതഞ്ഞ പാടുകളും രക്തം കട്ട പിടിച്ച പോലെയുള്ള അടയാളങ്ങളുമുണ്ട്. ആരോ കഴുത്തില്‍ വിരലുകള്‍ അമര്‍ത്തിപ്പിടിച്ച് ചവിട്ടിയ പോലെയുണ്ട് അടയാളങ്ങളുണ്ടെന്നും സഹോദരന്‍ സമീര്‍ വെളിപ്പെടുത്തി. കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിക്കുന്നതിന് മുമ്പ് തന്നെ ഷഫീഫ് മരിച്ചിരുന്നുവെന്നും ദുരൂഹ മരണത്തില്‍ കൃത്യമായ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു.


Share now