രോഹിത്തിന് ഖേൽരത്ന;ജിൻസിക്ക് ധ്യാൻചന്ദ്, ദേശീയ കായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു, 27 പേർക്ക് അർജ്ജുന അവാർഡ്

Share now

ഇന്ത്യൻ ക്രിക്കറ്റ് താരം രോഹിത് ശർമ്മയ്ക്ക് രാജീവ് ഗാന്ധി ഖേൽ രത്ന പുരസ്കാരം, മലയാളി ഒളിമ്പ്യൻ ജിൻസി ഫിലിപ്പിന് ധ്യാൻചന്ദ് പുരസ്കാരം ലഭിച്ചു. 27 പേർക്കാണ് ഇത്തവണ അർജ്ജുന അവാർഡ് ലഭിച്ചത്. ക്രിക്കറ്റ് താരം ഇശാന്ത് ശർമ്മയും വനിതാ ക്രിക്കറ്റ് താരം ദീപ്തി ശർമ്മയും അർജ്ജുന അവർഡിന് അർഹരായിട്ടുണ്ട്.  

രോഹിത്തിന് പുറമെ ഗുസ്തി താരം വിനേഷ് ഫോഗട്ട്, വനിതാ ഹോക്കി ടീം ക്യാപ്റ്റന്‍ റാണി രാംപാല്‍, ടേബിള്‍ ടെന്നീസ് താരം മണിക ബത്ര, പാരാലിംപിക്സ് താരം തങ്കവേലു മാരിയപ്പന്‍ എന്നിവരാണ് ഈ വര്‍ഷത്തെ ഖേല്‍രത്ന പുരസ്കാരത്തിന് അര്‍ഹരായവർ.

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, എം എസ് ധോണി, വിരാട് കോലി എന്നിവര്‍ക്കുശേഷം ഖേല്‍രത്ന പുരസ്കാരം ലഭിക്കുന്ന നാലാമത്തെ ക്രിക്കറ്റ് താരമാണ് രോഹിത് ശര്‍മ. കഴിഞ്ഞ വര്‍ഷം ഏകദിന ലോകകപ്പിലെ അഞ്ച് സെഞ്ചുറിയടക്കം ആകെ ഏഴ് സെഞ്ചുറികള്‍ നേടിയ രോഹിത് ഏകദിനത്തില്‍ കഴിഞ്ഞ കലണ്ടര്‍വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ബാറ്റ്സ്മാനുമായിരുന്നു.

ഏഷ്യന്‍ ഗെയിംസ് ഗുസ്തിയില്‍ സ്വര്‍ണം നേടിയതാണ് വിനേഷ് ഫോഗട്ടിനെ ഖേല്‍രത്ന പുരസ്കാരത്തിന് അര്‍ഹയാക്കിയത്. ഏഷ്യന്‍ ഗെയിംസ് ഗുസ്തിയില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമാണ് വിനേഷ് ഫോഗട്ട്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണവും ഏഷ്യന്‍ ഗെയിംസില്‍ വെങ്കലുവും നേടിയാണ് ടേബിള്‍ ടെന്നീസ് താരം മണിക ബത്ര ഖേല്‍രത്നക്ക് അര്‍ഹയായത്.


Share now