മൂന്ന് പരിശോധന ഫലങ്ങൾ നെഗറ്റീവ്; നിർബന്ധപൂർവ്വം സമ്പർക്ക വിലക്കേർപ്പെടുത്തിയിരിക്കുന്നുവെന്ന് പരാതി; കോവിഡ് സെല്ലിനോട് വിശദീകരണം തേടി

Share now

കോഴിക്കോട്: കോഴിക്കോട് വേങ്ങേരിയിൽ കോവിഡില്ലാത്തയാളെ രോഗപ്പകർച്ചയുണ്ടാകുമെന്ന് പേരിൽ സമ്പർക്ക വിലക്കേർപ്പെടുത്തിയിരിക്കുന്നുവെന്ന് പരാതി. ആൻറിജൻ പരിശോധന ഫലം പോസിറ്റീവായെങ്കിലും സംശയത്തെ തുടർന്ന് നടത്തിയ ആർടിപിസിആർ ഉൾപ്പെടെ മൂന്ന് പരിശോധന ഫലങ്ങൾ നെഗറ്റീവായിട്ടും തന്നെ രോഗിയായാണ് പരിഗണിക്കുന്നതെന്ന് വേങ്ങേരി സ്വദേശി സാഗർ പറയുന്നു. അതേസമയം, സാങ്കേതിക പിഴവെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ നൽകുന്ന വിശദീകരണം.

വേങ്ങേരി സ്വദേശി സാഗർ ചുമട്ടുതൊഴിലാളിയാണ്. കൂട്ടുകാർക്ക് കൊവിഡ് ലക്ഷണങ്ങൾ കണ്ടപ്പോൾ മുൻകരുതലെന്നോണം കുണ്ടുപറമ്പിലെ ആന്റിജൻ ക്യാംപിൽ നിന്ന് പരിശോധിച്ചു. ആന്റിജൻ ടെസ്റ്റിൽ റിസൾതട്ട് പോസിറ്റീവായിരുന്നു . എന്നാൽ അസ്വസ്ഥതകളോ, ലക്ഷണങ്ങളോ ഇല്ലാത്തതിനാൽ വീണ്ടും സ്വകാര്യ ലാബിൽ സ്രവം പരിശോധനക്കയച്ചു. നെഗറ്റീവായിരുന്നു ഫലം. ഇക്കാര്യം ആരോഗ്യ പ്രവർത്തകരെ അറിയിച്ചു. സ്വകാര്യ ലാബിലെ സാങ്കേതിക പിഴവാകാമെന്ന ആരോഗ്യ പ്രവർത്തകരുടെ മറുപടിയെ തുടർന്ന് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ വീണ്ടും പരിശോധന നടത്തി. റിസൾട്ട് നെഗറ്റീവായിരുന്നു. അപ്പോഴേക്കും സർക്കാരിന്റെ കൊവിഡ് പട്ടികയിൽ സാഗറും ഉൾപ്പെട്ടിരുന്നു.

സാഗറിന് സമ്പർക്ക വിലക്ക് ഉൾപ്പെടെ നിർദ്ദേശിച്ച് സന്ദേശവും വന്നു. ഗുരുതര പിഴവാണിതെന്ന് ആരോഗ്യപ്രവർത്തകരോട് പരാതിപ്പെട്ടപ്പോൾ അവർ ആർടിപിസിആർ നിർദ്ദേശിച്ചു. അതും നെഗറ്റീവായി. പക്ഷേ രോഗമില്ലാത്ത തന്നെ നിർബന്ധപൂർവ്വം സമ്പർക്ക വിലക്കിലിരുത്തി എന്നാണ് സാഗറിന്റെ പരാതി. പട്ടികയിൽ നിന്ന് ഇനി ഒഴിവാക്കാൻ പറ്റില്ലെന്നാണ് ആരോഗ്യപ്രവർത്തകർ നൽകിയ മറുപടി. പതിനാല് ദിവസം പുറത്തിറങ്ങാൻ പാടില്ലാത്തതോടെ ഉപജീവനത്തിന് വഴിയെന്തെന്നാണ് സാഗർ ചോദിക്കുന്നത്. എന്നാൽ ആൻറിജൻ പരിശോധനയിൽ സാധാരണ സംഭവിക്കാറുളള പിഴവ് മാത്രമാണിതെന്നും സാഗറിനോട് ആടിപിസിആർ പരിശോധന നിർദ്ദേശിച്ചിരുന്നതായും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. രോഗമില്ലാത്തയാളെ പട്ടികയിലുൾപ്പെടുത്തിയതിനെക്കുറിച്ച് കൊവിഡ് സെല്ലിനോട് വിശദീകരണം തേടിയതായാണ് വിവരം.


Share now