യു.പി നിയമസഭ കൗൺസിൽ ഗാലറിയിൽ സവര്‍ക്കറുടെ ചിത്രം സ്ഥാപിച്ച് യോഗി; രാജ്യസ്നേഹികളെ അപമാനിക്കാതെ കൊണ്ട് പോയി ബി.ജെ.പി ഓഫീസിൽ വയ്‌ക്കെന്ന് കോൺഗ്രസ്

Share now

ലഖ്‌നൗ: ഉത്തർപ്രദേശ് നിയമസഭാ കൗൺസിൽ ഗാലറിയിൽ സവർക്കറുടെ ചിത്രം സ്‌ഥാപിച്ച് യോഗി സർക്കാർ. മഹാനായ സ്വാതന്ത്ര്യ സമര സേനാനിയാണ് സവർക്കർ എന്ന് പറഞ്ഞു കൊണ്ടാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ ഛായാ ചിത്രം അനാവരണം ചെയ്തത്. സർക്കാരിന്റെ നടപടിയ്‌ക്കെതിരെ വ്യാപകമായ വിമർശനമാണ് കോൺഗ്രസ് ഉയർത്തിയത്. രാജ്യസ്നേഹികളെ നാണം കെടുത്താതെ ചിത്രം കൊണ്ട് പോയി ബി.ജെ.പി ഓഫീസിൽ തൂക്കിയിടുകയാണ് ചെയ്യേണ്ടതെന്ന് കോൺഗ്രസ് പരിഹസിച്ചു.

ചിത്രം മാറ്റണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ നിയമസഭാ കൗണ്‍സില്‍ അംഗം ദീപക് സിങ് ചെയര്‍മാന് കത്ത് നല്‍കി. ബ്രിട്ടീഷുകാരുടെ അതിക്രമങ്ങള്‍ക്ക് വഴങ്ങാത്ത രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടി ജീവിതം സമര്‍പ്പിച്ച സ്വാതന്ത്ര്യസമരസേനാനികളെ അപമാനിക്കുന്നതാണ് ഇത്തരം പ്രവൃത്തിയെന്ന് ദീപക് സിംഗ് കത്തിൽ ചൂണ്ടിക്കാട്ടി.

ചിത്രം നീക്കം ചെയ്ത് ബി.ജെ.പി ഓഫീസിൽ വയ്ക്കണമെന്നും കത്തിൽ പറഞ്ഞിട്ടുണ്ട്. കത്ത് പരിഗണിച്ച ചെയര്‍മാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയതായും ദീപക് സിംഗ് പറഞ്ഞു. ചൊവ്വാഴ്ചയാണ് ചിത്രം നിയമസഭാ കൗണ്‍സില്‍ ഗാലറിയില്‍ അനാച്ഛാദനം ചെയ്തത്.


Share now