യു.പി.എസ്.സി ജിഹാദ് : മുസ്ലിങ്ങളെ അധിക്ഷേപിക്കുന്ന ‘ബിന്ദാസ് ബോല്‍’ ഷോ സംപ്രേക്ഷണം വിലക്കി സുപ്രീം കോടതി

Share now

ന്യൂഡല്‍ഹി: സിവില്‍ സര്‍വീസിലേക്ക് മുസ്ലിങ്ങള്‍ കൂടുതലായി എത്തുന്നത് യു.പി.എസ്.സി ജിഹാദ് ആണെന്ന് ആരോപിച്ച് സുദര്‍ശന്‍ ടി.വി പ്രക്ഷേപണം ചെയ്യുന്ന വാര്‍ത്താധിഷ്ഠിത പരിപാടി ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ സംപ്രേക്ഷണം ചെയ്യുന്നത് സുപ്രീം കോടതി വിലക്കി. സുദര്‍ശന്‍ ടിവി യില്‍ സംപ്രേക്ഷണം ചെയ്യുന്ന ‘ബിന്ദാസ് ബോല്‍’ എന്ന ഷോ പ്രാഥമിക പരിശോധനയില്‍ മുസ്ലിം സമുദായത്തില്‍ പെട്ടവരെ അധിക്ഷേപിക്കുന്നതാണെന്നും സുപ്രീം കോടതി വിലയിരുത്തി.

രാജ്യത്തെ സുപ്രീം കോടതി എന്ന നിലയില്‍ മുസ്ലിം സമുദായത്തില്‍പെട്ടവര്‍ സിവില്‍ സര്‍വീസിലേക്ക് നുഴഞ്ഞു കയറുന്നു എന്ന് ആരെയും പറയാന്‍ അനുവദിക്കാന്‍ കഴിയില്ല എന്ന് ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര, കെ.എം. ജോസഫ് എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ജാമിയ മിലിയ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ സിവില്‍ സര്‍വ്വീസില്‍ എത്തുന്നത് ഗൂഢാലോചനയാണെന്ന വാദം അടിസ്ഥാനരഹിതമാണെന്ന് കോടതി വ്യക്തമാക്കി.

മാധ്യമ സ്വാതന്ത്ര്യത്തിന്റെ പേരില്‍ മാധ്യമങ്ങള്‍ക്കു എന്തും പറയാമെന്ന് കരുതരുതെന്നും കോടതി ചൂണ്ടിക്കാട്ടി. മറ്റ് പൗരന്മാര്‍ക്ക് ഉള്ള സ്വാതന്ത്ര്യം മാത്രമേ മാധ്യമ പ്രവര്‍ത്തകര്‍ക്കും ഉള്ളൂ. അമേരിക്കയിലേത് പോലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് പ്രത്യേക സ്വാതന്ത്ര്യം ഇവിടെയില്ലെന്നും ബെഞ്ചിലെ അംഗമായ ജസ്റ്റിസ് കെ.എം. ജോസഫ് നിരീക്ഷിച്ചു. ദൃശ്യമാധ്യമങ്ങളുടെ സ്വാതന്ത്ര്യത്തിന്റെ പരിധി നിശ്ചയിക്കാന്‍ സമിതി രൂപീകരിക്കേണ്ടതാണെന്നും കോടതി അഭിപ്രായപ്പെട്ടു.

ചില വാര്‍ത്താ ചാനലുകളില്‍ നടക്കുന്ന ഏകപക്ഷീയമായ ചര്‍ച്ചകളെ കോടതി വിമര്‍ശിച്ചു. ചില ചര്‍ച്ചകളില്‍ ആങ്കര്‍മാര്‍ ആണ് കൂടുതല്‍ സമയവും സംസാരിക്കുന്നത്. പാനലിസ്റ്റുകളെ സ്വതന്ത്രമായി സംസാരിക്കാന്‍ അനുവദിക്കാറില്ല. ചില അവസരങ്ങളില്‍ പാനലിസ്റ്റുകളുടെ മൈക്ക് പകുതി ഓഫ് ചെയ്യുകയാണ്. ചര്‍ച്ചകളില്‍ നിഷ്പക്ഷരായ മാധ്യമപ്രവര്‍ത്തകരെയാണ് ആവശ്യം എന്നും ജസ്റ്റിസ് ജോസഫ് അഭിപ്രായപ്പെട്ടു.


Share now