അഴിമതിയാരോപണങ്ങളില്‍ മന്ത്രിമാരെയും തോല്‍പ്പിച്ച് മക്കള്‍ മുന്നേറുമ്പോള്‍ പിണറായിയുടെ രണ്ടാമൂഴം സ്വപ്‌നമായി അവശേഷിക്കുമോ?

Share now

തിരുവനന്തപുരം: കഴിഞ്ഞ നാല് വര്‍ഷവും അഴിമതി രഹിതഭരണം നടത്തിയെന്ന് പെരുമ്പറ കൊട്ടി രണ്ടാമൂഴം പ്രഖ്യാപിച്ച പിണറായി വിജയന്‍ സര്‍ക്കാര്‍ ഇപ്പോള്‍ അഴിമതിയാരോപണങ്ങളില്‍ മുങ്ങിത്താഴുകയാണ്. ആരോപണങ്ങള്‍ക്ക് കൃത്യമായി മറുപടി പറയാതെ മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും കുറ്റപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയാണ് മുഖ്യമന്ത്രിയും നേതാക്കളും. ചില മന്ത്രിമാരും ഉദ്യോഗസഥരും അഴിമതിയുടെ തീച്ചൂളയില്‍ വിറങ്ങലിച്ച് നില്‍ക്കുമ്പോഴാണ്, അവരെ വെല്ലുന്ന മന്ത്രി പുത്രന്‍മാരും പുത്രിയും ഉണ്ടെന്ന നാറിയ കഥകള്‍ കേരളം കേള്‍ക്കുന്നത്. അതോടെ പിടിച്ച് നില്‍ക്കാനായി കാടടച്ച് വെടിവയ്ക്കുകയാണ് സര്‍ക്കാരും നേതാക്കളും. അതിന് പിന്നാലെ സി.പി.എം സംസ്ഥാന സെക്രട്ടറിയും മുതിര്‍ന്ന മന്ത്രിയുമായ ഇ.പി ജയരാജനും തമ്മിലുള്ള തര്‍ക്കം.

സ്പ്രിംഗ്ലര്‍ വിവാദം മുതലാണ് സര്‍ക്കാരിന്റെ വഴിവിട്ട ഇടപാടുകള്‍ പുറത്താകുന്നത്. അമേരിക്കന്‍ കമ്പനിക്ക് കോവിഡ് രോഗികളുടെ ഡാറ്റ വിശകലനം ചെയ്യാന്‍ നല്‍കിയതില്‍ അഴിമതിയുണ്ടെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചപ്പോള്‍ അതിനെ പുച്ഛിച്ചുതള്ളുകയായിരുന്നു മുഖ്യമന്ത്രി. പ്രതിപക്ഷനേതാവ് കോടതി കയറിയപ്പോള്‍ സ്പ്രിംഗ്ലറിന്റെ ക്‌ളൗഡ് സെര്‍വറില്‍ ശേഖരിച്ച ഡാറ്റ രണ്ടാഴ്ച കൊണ്ട് സി.ഡിറ്റിന്റെ ക്‌ളൗഡ് സെര്‍വറില്‍ വന്നു. അതിന് പിന്നാലെ ഇ മൊബിലിറ്റി പദ്ധതിയുടെ ഭാഗമായി പ്രൈസ് വാട്ടര്‍ കൂപ്പര്‍ എന്ന കമ്പനിക്ക് സെക്രട്ടറിയേറ്റില്‍ ഓഫീസ് തുറക്കാന്‍ അനുമതി നല്‍കണമെന്ന് ഗതാഗതവകുപ്പ് സെക്രട്ടറി കുറിപ്പെഴുതിയത് പ്രതിപക്ഷനേതാവ് ചൂണ്ടിക്കാണിച്ചു. കമ്പനിയെ ന്യായീകരിച്ച് സര്‍ക്കാരും സി.പി.എമ്മും രംഗത്തെത്തിയെങ്കിലും പിന്നീട് ഒഴിവാക്കി.

ശബരിമല വിമാനത്താവള പദ്ധതിക്കായി വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ അമേരിക്കന്‍ കമ്പനിക്ക് 50 ലക്ഷം രൂപ അനുവദിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. സിയാല്‍ പോലുള്ള കമ്പനികളും കെ.എസ്.ഐ.ഡി.സി എന്ന സര്‍ക്കാര്‍ സ്ഥാപനവും കേരളത്തിലുള്ളപ്പോഴാണ് സര്‍ക്കാര്‍ അമേരിക്കന്‍ കമ്പനിക്ക് കണ്‍സള്‍ട്ടണ്‍സി കരാര്‍ നല്‍കിയത്. വിവാദം ശക്തമായെങ്കിലും സര്‍ക്കാര്‍ പിന്നോട്ട് പോയില്ല. കോവിഡ് രോഗികള്‍ പുറത്തിറങ്ങി നടക്കാതിരിക്കാന്‍ ഫോണ്‍ കോളുകള്‍ അടക്കം പരിശോധിക്കാന്‍ ആഭ്യന്തരവകുപ്പ് തീരുമാനിച്ചതിനെതിരെ പ്രതിപക്ഷനേതാവ് ഹൈക്കോടതിയില്‍ പോയാണ് സ്‌റ്റേ വാങ്ങിയത്. കോവിഡിന്റെ മറവില്‍ പൗരന്റെ സ്വകാര്യതയിലേക്ക് വരെ കടന്നുകയറാന്‍ സര്‍ക്കാര്‍ ശ്രമിച്ചതിന്റെ നേര്‍ക്കാഴ്ചയായിരുന്നു. അത്.

സ്വര്‍ണക്കടത്ത് കേസ് വന്നതോടെയാണ് സര്‍ക്കാരിലെ അഴിമതിയുടെ ഭൂതം പുറത്തായത്. മുഖ്യമന്ത്രിയുടെ വിശ്വസ്ഥനായ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.സിവശങ്കര്‍ മുതല്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനെ വരെ കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ക്കെതിരെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ആരോപണങ്ങള്‍ ഉന്നയിച്ചു. ഇതില്‍ നിന്നൊക്കെ കരകയറാന്‍ പഠിച്ചപണി പത്തൊന്‍പതും പയറ്റിയിട്ടും പിണറായി സര്‍ക്കാര്‍ ആടിയുലയുകയാണ്. രണ്ടാമൂഴത്തെ പറ്റി ഇപ്പോള്‍ പാര്‍ട്ടിക്കോ, നേതാക്കള്‍ക്കോ സര്‍ക്കാരിനോ മിണ്ടാട്ടമില്ല. അത്രയ്ക്ക് അഴിമതിക്കഥകളാണ് ദിവസവും പുറത്തുവന്നു കൊണ്ടിരിക്കുന്നത്.


Share now