ഈ നാല് പേരെ കണ്ടെത്താൻ ഒരുപാട് കഷ്ടപ്പെട്ട് കാണും; മുൻകൂട്ടി തിരഞ്ഞെടുത്തവരിൽ നിന്ന് തീരുമാനമുണ്ടാകുന്നത് എങ്ങനെ? കർഷകരുടെ നിലപാടറിയാനുള്ള സുപ്രീം കോടതിയുടെ സമിതി രൂപീകരണത്തിനെതിരെ ശശി തരൂർ

Share now

ന്യൂഡൽഹി: കർഷക ബില്ലിനെതിരെ സമരം ചെയ്യുന്ന കർഷകരുടെ നിലപാടറിയാൻ വേണ്ടി സുപ്രീം കോടതി രൂപീകരിച്ച നാലംഗ വിദഗ്ധ സമിതിയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം.പി. കർഷക ബില്ലിനെ പിന്തുണയ്ക്കുന്ന ചുരുക്കം ചിലരാണ് രാജ്യത്ത് ഉള്ളത്. അതിൽ നിന്ന് നാല് പേരെ കണ്ടെത്തിയത് വളരെ പ്രയാസകരമായതും വെല്ലുവിളി നിറഞ്ഞതുമായ പണിയാണ്. മുൻകൂട്ടി തിരഞ്ഞെടുത്തവരിൽ നിന്ന് ഇനി എങ്ങനെയാണ് ഒരു തീരുമാനമുണ്ടാകുന്നതെന്നും തരൂർ പരിഹസിച്ചു.

അതേസമയം, സുപ്രീംകോടതി നിയോഗിച്ച സമിതിയ്‌ക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. സമിതിയുമായി സഹകരിക്കില്ലെന്നും ബിൽ റദ്ദാക്കാൻ വേണ്ടിയുള്ള സമരം തുടരുമെന്നാണ് കർഷക സംഘടനകൾ പറയുന്നത്. അശോക് ഗുലാത്തി, ഭൂപീന്ദര്‍ സിംഗ് മാന്‍, ഡോ.പ്രമോദ് കുമാര്‍ ജോഷി,അനില്‍ ധന്‍വാത് എന്നിവരാണ് സമിതി അംഗങ്ങൾ. അശോക് ഗുലാത്തി ഉള്‍പ്പെടെയുള്ളവര്‍ കാര്‍ഷിക നിയമത്തെ അനുകൂലിക്കുന്നവരാണെന്നാണ് ആൾ ഇന്ത്യ കിസാൻ സംഘർഷ് ഏകോപന സമിതിയിറക്കിയ പ്രസ്‌താവനയിൽ പറയുന്നത്.

ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ അധ്യക്ഷനായ ബഞ്ചാണ് കാർഷിക നിയമങ്ങൾ താൽക്കാലികമായി റദ്ദാക്കിയത്. ഒരു വിദഗ്‌ധ സമിതി രൂപീകരിക്കുമെന്നും ആ സമിതി കര്‍ഷകരുടെ നിലപാടുകള്‍ കേള്‍ക്കുമെന്നും അതിന് ശേഷം എന്തുവേണമെന്ന് തീരുമാനിക്കുമെന്നും അതുവരെ നിയമം നടപ്പാക്കരുതെന്നുമാണ് കോടതി ഉത്തരവിൽ പറയുന്നത്.


Share now