ഷോലെയ്ക്ക് 45 വയസ്സ്; ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ ഇതിഹാസങ്ങളിലൊന്നാണ് ഷോലെ; അമിതാബ് ബച്ചനെ സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്കുയര്‍ത്തിയ ചിത്രമാണ്

Share now

ഇന്ത്യന്‍ സിനിമകളിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായ ‘ ഷോലെ’ റിലീസായിട്ട് നാല്‍പത്തിയഞ്ച് വര്‍ഷം തികയുന്നു. 1975- ആഗസ്റ്റ് 15-നായിരുന്നു ചിത്രം പുറത്തിറങ്ങിയത്. ഷോലെ അമിതാബച്ചനെ സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്കുയര്‍ത്തിയ ചിത്രമായിരുന്നു. ഇൗ സിനിമയില്‍ അഭിനയിച്ച ഒട്ടുമിക്ക പ്രമുഖരും ജീവിതത്തിന്റെ തിരശ്ശീലയില്‍ നിന്ന് തന്നെ മാറ്റപ്പെട്ട് കഴിഞ്ഞു. മുംബൈയിലെ മിനര്‍വാ തിയേറ്ററില്‍ തുടര്‍ച്ചയായി അഞ്ച് വര്‍ഷം പ്രദര്‍ശനം നടത്തിയത് സര്‍വ്വകാല റെക്കോര്‍ഡാണ്.

രമേശ് സിപ്പി എന്ന ചെറുപ്പക്കാരന്‍ സംവിധാനം ചെയ്ത ഈ ചിത്രം കോവിഡിന് മുന്‍പ് ഇന്ത്യയിലെ പല സ്ഥലങ്ങളിലെ തിയേറ്ററുകളില്‍ നിറഞ്ഞോടുന്നവയായിരുന്നു. ഷോലെയിലെ സംഭാഷണങ്ങള്‍ മിമിക്രിക്കാരുടെ സ്ഥിരം ഡയലോഗുകളില്‍ ഒന്നാണ്. അംജദ് ഖാന്‍ വേഷമിട്ട ഷോലെയിലെ ഗബ്ബര്‍സിംഗിന്റെ ഡയലോഗുകളാണ് അന്നും ഇന്നും സിനിമ കാണുന്നവരെ ആഹ്ലാദഭരിതരാക്കുന്നത്. ‘ കിതനേ ആപ്‌നി ധേ, എന്ന ഡയലോഗ് ഉരുവിടുന്ന ചെറുപ്പക്കാര്‍ അന്നും ഇന്നും ഉണ്ട്. ഈ സിനിമ പൂര്‍ത്തിയാക്കാന്‍ രണ്ടര വര്‍ഷം വേണ്ടി വന്നു. കര്‍ണാടകയിലെ രാമനഗരത്തിലായിരുന്നു ഷൂട്ടിംഗ്. ഇന്നീ ഗ്രാമം വിനോദസഞ്ചാര കേന്ദ്രമായി മാറിയിരിക്കുകയാണ്.

അമിതാബച്ചന്റെ താരപ്രഭയെയും ഇമേജിനെയും ഉടച്ചുവാര്‍ത്ത ചിത്രമായിരുന്നു ഷോലെ. ഒരുപാട് സിനിമികളില്‍ ബച്ചന്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും പലര്‍ക്കും ഒരൊറ്റ സിനിമയുടെ പേരാകും ആദ്യം മനസ്സിലേക്ക് ഓടിയെത്തുക. ഷോലെയിലെ അദ്ദേഹത്തിന്റെ ജയ്‌യുടെ വേഷമായിരുന്നു, ഒപ്പം ധര്‍മ്മേന്ദ്രയുടെ വീരുവെന്ന കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടതായിരുന്നു. ഒപ്പം ഹേമ മാലിനിയും, ജയഭാദുരിയും, തകര്‍ത്തഭിനയിച്ച ചിത്രമായിരുന്നു അത്. അക്കാലത്തെ ഹിറ്റ് സിനിമകളുടെ രചയിതാക്കളായിരുന്ന സലീം-ജാവേദ് ടീമായിരുന്നു ഷോലെയുടെയും കഥ മെനഞ്ഞത്. ഇന്ത്യയിലെ ആദ്യത്തെ സ്റ്റീരിയോ ഫോണിക് സംവിധാനത്തോടെ പുറത്തിറങ്ങിയ 70 എംഎം ചിത്രമെന്ന ഖ്യാതിയും ഷോലെയ്ക്കുണ്ട്.

ഷോലെയിലെ വില്ലനായ ഗര്‍ബര്‍സിംഗിനെ താരമാക്കി ഒരുപാട് പരസ്യങ്ങള്‍ അക്കാലത്ത് വന്നിരുന്നു. ബ്രിട്ടാനിയയുടെ ഗ്ലൂക്കോസ് ഡി, കാനന്‍, അമുല്‍, അക്വാ ഗാര്‍ഡ്, സഹാറ ഇന്ത്യ ഇന്‍ഷുറന്‍സ്, റെനോ തുടങ്ങി നിരവധി പരസ്യങ്ങളില്‍ അംജത് ഖാന്‍ ഗര്‍ബര്‍ സിംഗിന്റെ വേഷമിട്ട് പരസ്യം ചെയ്തു.

ഒരു ഗ്രാമത്തിന്റെ സംരക്ഷണം സുഹൃത്തുക്കളായ രണ്ട് നായകന്മാര്‍ ഏറ്റെടുക്കുന്നു, ധീരനായ ഒരു പോലീസുകാരന്റെ പ്രതികാരം രണ്ട് ചെറുപ്പക്കാരുടെ പ്രേമം, ഒരുവില്ലന്‍ ഇങ്ങനെ ഒരു ശരാശരി ഹിന്ദി സിനിമയ്ക്ക് വേണ്ട എല്ലാ ചേരുവകളും ചേര്‍ന്ന സിനിമയായിരുന്നു രമേശ് സിപ്പിയുടെ ഷോലെ. 45 വര്‍ഷം കൊണ്ട് കോടികളാണ് രമേശ് സിപ്പിക്ക് ഈ ചിത്രം നേടി കൊടുത്തത്. 28-കാരനായ രമേശ് സിപ്പിയുടെ മൂന്നാമത്തെ ചിത്രമായിരുന്നു ഷോലെ. അതിന് ശേഷം അദ്ദേഹം സംവിധാനം ചെയ്ത മറ്റ് പടങ്ങളൊന്നും തന്നെ കാര്യമായ ഹിറ്റുകളാക്കാനും കഴിഞ്ഞിട്ടില്ല. 1973 ഒക്ടോബര്‍ മൂന്നിന് ചിത്രീകരണം ആരംഭിച്ച ഷോലെ, 1975 ആഗസ്റ്റ് 15-നാണ് റിലീസ് ചെയ്യപ്പെട്ടത്. ‘ 45 വര്‍ഷം കഴിഞ്ഞിട്ടും ഇന്ത്യക്കാരുടെ മനസ്സില്‍ നിന്ന് ഷോലെയും അതിലെ കഥാപാത്രങ്ങളും മാഞ്ഞുപോകാത്തത് തനിക്ക് കിട്ടിയ ഏറ്റവും വലിയ അംഗീകാരമാണെന്ന് രമേശ് സിപ്പി പറഞ്ഞു. അക്കാലത്ത് നാടക നടനായിരുന്ന അംജദ് ഖാനെ ഒരു നാടക സ്റ്റേജില്‍ നിന്നാണ് ഈ സിനിമയിലേക്ക് വില്ലനായി ക്ഷണിക്കുന്നത്. തന്റെ സഹോദരിയാണ് അംജദ് ഖാനെ നിര്‍ദേശിക്കുന്നത്. തന്റെ നിഗമനം തെറ്റി പോയില്ലെന്ന് ഗര്‍ബര്‍ സിംഗിന്റെ ഗംഭീര പെര്‍ഫോമന്‍സ് തെളിയിക്കുകയും ചെയ്തു.

ലോക പ്രശസ്ത സിനിമാ സംവിധായകനായ അക്കീറ കുറസോവയുടെ സെവന്‍ സമുറായ് എന്ന ചിത്രത്തെ ആസ്പദമാക്കിയാണ് ഷോലെയ്ക്ക് രൂപം കൊടുത്തത്. ചിത്രം റിലീസായ നാളുകളില്‍ കാര്യമായ മാധ്യമനിരൂപണങ്ങളോ, ശ്രദ്ധയോ ഒന്നും ലഭിച്ചില്ല. എന്നാലും പ്രേഷകര്‍ ഈ ചിത്രത്തെ നെഞ്ചോട് ചേര്‍ത്തതാണ് എല്ലാ വിജയങ്ങള്‍ക്കും കാരണമായതെന്ന് രമേശ് സിപ്പി പറഞ്ഞു.


Share now