കൊച്ചി: സ്വർണക്കടത്ത് കേസിലും,ഡോളർക്കടത്തിലും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ കൂടുതൽ വെട്ടിലാകുന്ന മൊഴികളാണ് പുറത്ത് വരുന്നത്. സ്വര്‍ണക്കടത്ത് കേസിൽ ജയിലിൽ കഴിയുന്ന സ്വപ്ന സുരേഷിന് വിദേശത്തെ കോളേജില്‍ ജോലി തരപ്പെടുത്താന്‍ ശിവശങ്കര്‍ ശ്രമിച്ചെന്നുള്ള നിർണായക മൊഴിയാണ് കസ്റ്റംസിന് ലഭിച്ചിരിക്കുന്നത്. ഡോളര്‍ കടത്ത് കേസിലെ നിക്ഷേപത്തിനെ കുറിച്ചുള്ള വിവരങ്ങൾക്ക് വേണ്ടി വിദേശ വിദ്യാഭ്യാസ സ്ഥാപനവുമായി ബന്ധപ്പെട്ടവരെ ചോദ്യം ചെയ്തപ്പോഴാണ് കസ്റ്റംസിന് വിവരങ്ങൾ ലഭിച്ചിരിക്കുന്നത്. 2018ല്‍ ഇവിടെ ഇന്റര്‍വ്യൂവിന് സ്വപ്ന എത്തിയപ്പോള്‍ ശിവശങ്കറും ഒപ്പം ഉണ്ടായിരുന്നെന്നാണ് വെളിപ്പെടുത്തൽ. മാതൃഭുമിയാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണൻ അടക്കമുള്ള സംസ്ഥാനത്തെ പ്രമുഖര്‍ ഈ സ്ഥാപനത്തില്‍ നിക്ഷേപം നടത്തി എന്ന സംശയത്തിലാണ് കസ്റ്റംസിന്റെ അന്വേഷണം മുന്നോട്ടുപോകുന്നത്. അതിന്റെ ഭാഗമായാണ് മസ്കറ്റിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഡീന്‍ ആയ ഡോ. കിരണിനെ കഴിഞ്ഞ ദിവസം കസ്റ്റംസ് ചോദ്യം ചെയ്തത്. ഇദ്ദേഹത്തിന് ശിവശങ്കറുമായി അടുത്ത ബന്ധമാണുള്ളതെന്ന് കസ്റ്റംസിന് വിവരം ലഭിച്ചിട്ടുണ്ട്.
ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സില്‍ നിന്ന് ഡോക്ടറേറ്റ് നേടിയ നേരത്തെ ഡോ.കിരണ്‍ 2006ല്‍ ഐ.ടി മിഷനില്‍ ജോലിചെയ്തിരുന്നു. ഇദ്ദേഹം ഡീന്‍ ആയി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ ഉടമ ലസീര്‍ അഹമ്മദ് എന്നയാളാണ്. ഇവരുടെ പുതിയ സ്ഥാപനം അബുദാബിയില്‍ തുടങ്ങാനായി തീരുമാനിച്ചതിനെ തുടര്‍ന്നാണ് സ്വപ്ന ഇവിടെ ഇന്റര്‍വ്യൂവിന് എത്തിയത്. ഇന്റര്‍വ്യൂ ബോര്‍ഡില്‍ ഡോ. കിരണും ലസീറുമായിരുന്നു ഉണ്ടായിരുന്നത്. സ്വപ്നയ്ക്കൊപ്പം ശിവശങ്കറും ഇവിടെ എത്തിയിരുന്നു എന്നാണ് കസ്റ്റംസിന് ലഭിച്ചിരിക്കുന്ന മൊഴി.
സംസ്ഥാനത്തെ പ്രമുഖരുടെ പണം ഡോളര്‍ ആയി ഈ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുതല്‍ മുടക്കിയിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ കസ്റ്റംസ് അന്വേഷിക്കുന്നുണ്ട്. അതിന്റെ ഭാഗമായാണ് കസ്റ്റംസ് കഴിഞ്ഞ ദിവസം കിരണിനെ ചോദ്യംചെയ്തത്. ലസീര്‍ മുഹമ്മദും ചോദ്യംചെയ്യലിന് ഹാജരാകുന്നതിന് കേരളത്തില്‍ എത്തിയിട്ടുണ്ട്.