യേശുദാസിനെ അനുകരിച്ച് പാടിയിരുന്ന എസ്.പി.ബി പിന്നീട് സ്വന്തം ശൈലി സൃഷ്ടിച്ചെടുത്തു

Share now

തിരുവനന്തപുരം: യേശുദാസിന്റെ പാട്ടുകള്‍ കേട്ട്, കാണാതെ പഠിച്ച് അനുകരിച്ച് പാടിയിരുന്ന കാലം എസ്.പി. ബാലസുബ്രഹ്മണ്യത്തിന് ഉണ്ടായിരുന്നു. അതിന് ശേഷം യേശുദാസുമൊത്ത് പാടാന്‍ അവസരം ലഭിച്ചപ്പോള്‍ പരിഭ്രമവും ആശങ്കയുമായിരുന്നെന്ന് എസ്.പി.ബി മാതൃഭിയില്‍ ആഴ്ചപ്പതിപ്പില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു. ശങ്കര്‍ ഗണേഷിന്റെ സംവിധാനത്തില്‍ എന്‍ കാതലീ… എന്ന് തുടങ്ങുന്ന ഗാനമാണ് ഇരുവരും പാടിയത്. യേശുദാസിനെ ആദ്യം കണ്ടപ്പോള്‍ സംസാരിക്കാന്‍ പേടിയായിരുന്നു. ഒന്നോ രണ്ടോ വാക്കുകള്‍ മാത്രമാണ് സംസാരിച്ചതെന്ന് യേശുദാസിന്റെ 80ാം പിറന്നാളിനോട് അനുബന്ധിച്ച് മാതൃഭൂമി പുറത്തിറക്കിയ പ്രത്യേക പതിപ്പില്‍ അദ്ദേഹം ഓര്‍മിക്കുന്നു.

യേശുദാസിന്റെ സംഗീത ജീവിതത്തിന് 50 വര്‍ഷം പിന്നിട്ടപ്പോള്‍ ചെന്നൈയില്‍ നടന്ന സംഗീതപരിപാടിക്കിടെ പാദപൂജ നടത്തിയത് എസ്.പി.ബിയായിരുന്നു. ആ നിമിഷം ജീവിതത്തിലൊരിക്കലും മറക്കില്ലെന്നാണ് എസ്.പി.ബി മുമ്പ് പറഞ്ഞിരുന്നത്. എസ്.പി.ബിയുടെ പിതാവ് ആന്ധ്രയിലെ നെല്ലൂരില്‍ നടത്തിയിരുന്ന ത്യാഗരാജ ആരാധനയുടെ 50ാം വാര്‍ഷികത്തില്‍ പാടാന്‍ വിളിച്ചപ്പോള്‍ യാതൊരു മടിയും കൂടാതെ യേശുദാസ് വന്നു. അന്ന് ചെമ്പൈ വൈദ്യനാഥഭാഗവതരുടെ ചിത്രം ആലോഖനം ചെയ്ത തളിക സമ്മാനമായി നല്‍കി. യേശുദാസ് വെറുമൊരു ഗായകനല്ല, ഗാനഋഷിയാണെന്നാണ് എസ്.പി.ബി വിശേഷിപ്പിച്ചത്. ശാസ്ത്രീയ സംഗീതത്തില്‍ അദ്ദേഹത്തിനുള്ള അറിവ് തന്നെ അത്ഭുതപ്പെടുത്തിയെന്നും ലേഖനത്തില്‍ പറയുന്നു.

യേശുദാസിനെ അണ്ണാ… എന്നാണ് എസ്.പി.ബി വിളിച്ചിരുന്നത്. അണ്ണനെ കുറിച്ച് പറയാന്‍ എന്നും അഭിമാനമേ ഉളളൂ എന്നും അദ്ദേഹം ലേഖനത്തില്‍ പറയുന്നു. വെറുമൊരു ഗായകനല്ല, മുജ്ജന്‍മത്തിലെ പുണ്യം പുനര്‍ജ്ജനിച്ചതാണ്. നിറഞ്ഞുതുളുമ്പുന്ന ശബ്ദം കൊണ്ട് അനുഗ്രഹിക്കപ്പെട്ട അപൂര്‍വ വ്യക്തിത്വം. മഹാഗുരുക്കന്‍മാരുടെ മുഖത്ത് നിന്ന് സംഗീതം അഭ്യസിക്കാന്‍ ഭാഗ്യം ലഭിച്ചിട്ടുണ്ട്, അണ്ണന്. അതുകൊണ്ടാണ് അദ്ദേഹം ദേവസംഗീതമായത്. എന്റെ തലമുറയിലെ സംഗീതജ്ഞരുടെ ജേ്‌യഷ്ഠനാണ്. എന്റെ ഒപ്പമെന്നും എനിക്കൊപ്പമെന്നും ഞാന്‍ എപ്പോഴും പറയുന്നത് അണ്ണനെ കുറിച്ചാണെന്നും അണ്ണാ ഞാന്‍ നിങ്ങളെ എത്രയോ സ്‌നേഹിക്കുന്നു… എന്ന് പറഞ്ഞാണ് ആ ലേഖനം അദ്ദേഹം അവസാനിപ്പിക്കുന്നത്.

കടപ്പാട്: മാതൃഭൂമി ആഴ്ചപ്പതിപ്പ്


Share now