ഫേർഗൂസനെ ലോക്ക് തുറന്നു വിട്ട് കൊൽക്കത്ത… സൂപ്പർ ഓവറിൽ ജയം

Share now

സൂപ്പർ ഓവറിലേക്ക് നീണ്ട അബുദാബിയിലെ 35ആം മത്സരത്തിൽ, സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ കൊൽക്കത്തക്ക് ജയം.

ആദ്യ പകുതി

♦️കൊൽക്കത്തക്ക് ഭേദപ്പെട്ട തുടക്കം

ദപ്പെട്ട ഈ ടൂർണമെന്റിൽ പവർപ്ലേ ഓവറുകളിൽ ഏറ്റവും കുറവ് റൺസ് എടുത്ത ടീം ആണ് കൊൽക്കത്ത. അവസാന പന്തിൽ നടരാജൻ, നന്നായി തുടങ്ങിയ ത്രിപാഠിയെ പറഞ്ഞയച്ചെങ്കിലും 48 റൺസോടെ ഭേദപ്പെട്ട സ്കോറിങ് നിരക്ക് കണ്ടെത്താൻ കൊൽക്കത്തക്ക് സാധിച്ചു.

♦️ സ്കോർ നിരക്ക് ഉയർത്താനാവാതെ ഗിൽ, നിരാശപ്പെടുത്തി റസൽ

സ്ഥിരതയോടെ തരക്കേടില്ലാത്ത സ്കോറുകൾ കണ്ടെത്താൻ സാധിക്കുന്നുണ്ടെങ്കിലും വേഗതയോടെ കളിക്കാൻ ബുദ്ധിമുട്ടുന്ന പതിവ് ഈ മത്സരത്തിലും ഗിൽ തുടർന്നു. മറുവശത്ത് റാഷിദ് ഖാനെ ആക്രമിച്ച് കളിച്ച് റാണ സ്കോർ ഉയർത്തി. കൂറ്റൻ ഷോട്ടിനു മുതിർന്ന ഗില്ലിനെ റാഷിദിന്റെ പന്തിലും, റാണയെ വിജയ് ശങ്കറിന്റെ പന്തിലും മികച്ച ക്യാച്ചുകളോടെ ഗാർഗ് പുറത്താക്കി. നാലാം നമ്പറിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച റസൽ ഒരിക്കൽക്കൂടി നിരാശപ്പെടുത്തി. 16 ആം ഓവറിൽ ടൈം ഔട്ടിനു പിരിയുമ്പോൾ കൊൽക്കത്ത 4 വിക്കറ്റ് നഷ്ടത്തിൽ 111.

♦️ ദിനേശ് കാർത്തിക്ക് ബ്രില്ലിയൻസ്

ഒരിക്കൽക്കൂടി ഫിനിഷറുടെ റോളിൽ തിളങ്ങിയ കാർത്തിക്ക് ആകർഷകമായ ഷോട്ടുകളോടെ സ്കോർബോർഡുയർത്തി. അവസാന ഓവറിൽ മോർഗനും കത്തിക്കയറി. 167 എന്ന ഭേദപ്പെട്ട സ്കോർ കണ്ടെത്താൻ കൊൽക്കാത്തക്ക് സാധിച്ചു.

രണ്ടാം പകുതി

♦️ആധിപത്യം പുലർത്തി ഹൈദരബാദ്

പരിക്കേറ്റ വില്യംസനെ ഓപ്പണർ ആയിറക്കി പവർപ്ലെ പ്രയോജനപ്പെടുത്താനുള്ള നീക്കം ഫലം കണ്ടു. മനോഹരമായ ഷോട്ടുകളോടെ വില്യംസനും, ആക്രമിച്ചു കളിച്ചു ബെയർസ്റ്റോയും മികച്ച തുടക്കം നൽകി. ആറാം ഓവറിൽ രണ്ടാം പന്തിൽ വില്യംസൺ നേടിയ സിക്സർ മത്സരത്തിലെ ഏറ്റവും മനോഹരമായ ഷോട്ടുകളിൽ ഒന്നായിരുന്നു. പവർപ്ലെ പിന്നിടുമ്പോൾ 57 റൺസുമായി ഹൈദരാബാദിനു മേധാവിത്വം.

♦️ഹൈദരബാദിന് ഫെർഗൂസന്റെ ലോക്ക്

ടൂർണമന്റിൽ ആദ്യമായി അവസരം ലഭിച്ച ഫെർഗൂസൻ വേഗത കൊണ്ടും, കൃത്യത കൊണ്ടും ഹൈദരബാദിന് നാശം വിതച്ചു. വില്ല്യംസനെയും, സ്ഥാനക്കയറ്റം ലഭിച്ച ഗാർഗിനെയും, മനീഷ് പാണ്ടേയെയും പറഞ്ഞയച്ചു മത്സരം കൊൽക്കത്തയുടെ കൈയ്യിലെത്തിച്ചു. നിലയുറപ്പിച്ചു എന്നു തോന്നിച്ച ബെയർസ്റ്റോ വരുണിനു വിക്കറ്റ് നൽകി മടങ്ങി. നാലാമനായാണ് ഓപ്പണർ വാർണർ ഇറങ്ങിയത്. കുൽദീപിന്റെ ആദ്യ പന്തിൽ വാർണറിന്റെ സ്റ്റമ്പിങ്ങ് അവസരം നഷ്ടപ്പെട്ടു. 16 ആം ഓവറിൽ വിജയ് ശങ്കറിനെ കമ്മിൻസ് പുറത്താക്കിയപ്പോൾ രണ്ടാം സ്ട്രേറ്റേജിക് ടൈം ഔട്ട്‌. 5 വിക്കറ്റുകൾ അവശേഷിക്കേ ഹൈദരാബാദിന് ജയിക്കാൻ 28 പന്തിൽ 55.

♦️ സൂപ്പർ (ഓവർ ) ഫിനിഷ്

അബ്ദു സമദ് പ്രകടിപ്പിച്ച ആത്മവിശ്വാസം ഹൈദരാബാദിനെ മത്സരത്തിലേക്ക് തിരിച്ചു കൊണ്ടുവന്നു. 18 ആം ഓവർ ഫെർഗുസൻ ടൈറ്റ് ആക്കിയെങ്കിലും, ശുഭം മാവിയുടെ അനുഭവക്കുറവ് 19ആം ഓവറിൽ ഹൈദരാബാദ് മുതലെടുത്തു. അവസാന ഓവർ എറിയാൻ വന്ന റസൽ . നോ ബോളോടെയാണ് തുടങ്ങിയത്. തുടർച്ചയായി മൂന്നു ബൗണ്ടറികൾ നേടി വാർണർ വിജയത്തോടടുപ്പിച്ചു. അവസാന 2 പന്തുകൾ, റസൽ മികച്ച രീതിയിൽ എറിഞ്ഞപ്പോൾ, ഈ സീസണിലെ സൂപ്പർ ഓവർ.

♦️ സൂപ്പർ ഫെർഗുസൻ

ഈ ദിനം കൊൽക്കത്തയുടേതാക്കാൻ ഫെർഗൂസൻ ഉറപ്പിച്ചിരുന്നു. മൂന്നു വിക്കറ്റുകൾക്ക് പുറമെ, സമദിന്റെ സിക്സർ ആവേണ്ട ഒരു പന്ത് തട്ടിയകറ്റി ഗില്ലിന് നൽകി, വിക്കറ്റ് ആക്കി മാറ്റിയുയിരുന്നു ലോക്കി. സൂപ്പർഓവറിൽ രണ്ടു തവണ കൂടി ബാറ്റിസ്മാന്റെ പ്രതിരോധം ഭേദിച്ചു സ്റ്റമ്പ് തകർക്കാൻ അയാൾക്ക് സാധിച്ചു. വെറും 3 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ കൊൽക്കത്തയെ തടയാൻ റാഷിദ് ഖാനും സാധിച്ചില്ല.

🎀 റിവ്യൂ

ഹൈദരബാദിന്റെ പ്രധാന ബൗളറായ റാഷിദ് ഖാനെ ആക്രമിക്കാനുള്ള പദ്ധതി മികച്ചു നിന്നു. സ്ഥിരതയില്ലെങ്കിലും സ്പിൻ ബൗളിംഗിനെ ആക്രമിക്കുന്നതിൽ റാണ മികവ് പുലർത്തുന്നുണ്ട്. ശുഭമൻ ഗില്ലിന്റെ മെല്ലെപ്പോക്ക് കൊൽക്കത്തയെ ചിന്തിപ്പിക്കും. മോർഗനെ നാലാം നമ്പറിൽ കളിപ്പിക്കാൻ കൊൽക്കത്ത ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഫെർഗുസൻ കൊൽക്കത്തക്ക് നൽകുന്ന ശക്തി ചെറുതാവില്ല. റസലിന്റെ ബാറ്റിങ്ങും, ഫിറ്റ്നസും ഒരിക്കൽക്കൂടി അവർക്ക് തലവേദന നൽകുന്നുണ്ട്. ദിനേശ് കാർത്തിക്കിന് ഫിനിഷറുടെ റോളിൽ തിളങ്ങാൻ സാധിക്കുന്നതവർക്ക് ആശ്വാസം പകരും.

പരിക്കേറ്റ വില്യംസണെ ഓപ്പണർ ആക്കിയ ഹൈദരബാദിന്റെ നീക്കം മികച്ചതായി. വിജയ് ശങ്കറിന്റെ ബാറ്റിംഗ് ഫോമും, ബൗളിങ്ങിൽ റാഷിദ് ഖാന്റെ പ്രകടനത്തെ അമിതമായി ആശ്രയിക്കുന്നതും ഹൈദരാബാദിനെ വേദനിപ്പിക്കും. അക്കരണങ്ങൾ കൊണ്ടു തന്നെ വില്യംസണ് ഫിറ്റ്നസ് വീണ്ടെടുക്കാൻ സാധിച്ചില്ലെങ്കിൽ, ജെസൺ ഹോൾഡർ ഹൈദരാബാദ് ഇലവനിൽ സ്വാഭാവികമായും ഉൾപ്പെടും.

അതുൽ പി.
നോൺ സ്‌ട്രൈക്കേഴ്‌സ് എൻഡ്.


Share now