കർഷക സമരം; ഹർജി പരിഗണിക്കില്ലെന്ന് സുപ്രീംകോടതി; വഴിയില്ലാതെ റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ റാലിക്കെതിരായ ഹർജി കേന്ദ്രം പിൻവലിച്ചു

Share now

ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിലേക്ക് കര്‍ഷകര്‍ നടത്തുന്ന ട്രാക്ടര്‍ റാലി നടത്തരുതെന്ന നിര്‍ദേശം നൽകണമെന്നാവശ്യപെട്ട് കേന്ദ്രസർക്കാർ നല്‍കിയ ഹർജി കേന്ദ്രം പിന്‍വലിച്ചു. പോലീസ് കൈകാര്യം ചെയ്യേണ്ട വിഷയമാണിതെന്ന് സുപ്രീം കോടതി പറഞ്ഞതിനെ തുടർന്നാണ് കേന്ദ്രം ഹർജി പിൻവലിച്ചത്.

കാര്യങ്ങള്‍ വിലയിരുത്താൻ ജനുവരി 25 ന് ഹർജി വീണ്ടും പരിഗണിക്കണമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ അപേക്ഷയും ജഡ്ജിമാര്‍ തള്ളിക്കളഞ്ഞു. പ്രതിഷേധം നടത്താൻ അനുവാദം നൽകുന്നതിനോ അത് തടയുന്നതിനോ ഉള്ള ആദ്യത്തെ അതോറിറ്റിയായി കോടതി പ്രവര്‍ത്തിക്കുന്നത് വളരെ അനുചിതമാണെന്നും പോലീസിനാണ് ഇതിനുള്ള അധികാരമുള്ളതെന്നും കോടതി പറഞ്ഞു.

ട്രാക്ടര്‍ റാലി സമാധാനപരമായിരിക്കുമെന്ന് പ്രശാന്ത് ഭൂഷണ്‍ ഉള്‍പ്പെടെയുള്ള അഭിഭാഷകരുടെ പ്രസ്താവനയെ കോടതി വിശ്വസിക്കുന്നതായും ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ പറഞ്ഞു. കര്‍ഷകരുടെ ട്രാക്ടര്‍ റാലി നിര്‍ത്തിവെക്കാന്‍ നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ ഡൽഹി പോലീസ് വഴി സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി നേരത്തെ മാറ്റിവെച്ചിരുന്നു.

അതേസമയം, കാർഷിക നിയമ ഭേദഗതിക്കെതിരായി സമരം 56ാം ദിവസത്തിലേക്ക് കടക്കുമ്പോൾ, കർഷകരുമായി കേന്ദ്രസർക്കാരിന്റെ പത്താം വട്ട ചർച്ച ഇന്ന് നടക്കും. വിഗ്യാൻ ഭവനിൽ ഉച്ചക്ക് 2 മണിക്കാണ് ചർച്ച നടക്കുക. നിയമങ്ങൾ പിൻവലിക്കാൻ കഴിയില്ലെന്നും ഭേദഗതികൾ ചർച്ച ചെയ്യണമെന്നുമാണ് കേന്ദ്രസർക്കാറിന്‍റെ നിലപാട്. നിയമങ്ങൾ പിൻവലിക്കാതെ വിശദമായ ചർച്ചക്കില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് കർഷക സംഘടനകൾ.


Share now