ത്രിപുരയിൽ ബിജെപി-സിപിഎം പ്രവർത്തകർ തമ്മിൽ സംഘർഷം; നിരവധി പ്രവർത്തകർക്ക് പരിക്ക്; പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു

Share now

ത്രിപുര: ബിജെപി-സിപിഎം പ്രവർത്തകർ തമ്മിൽ സംഘർഷം. രണ്ടിടത്തായി നടന്ന സംഘർഷത്തിൽ നിരവധി പ്രവർത്തകർക്ക് പരിക്ക്. മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ മണിക് സർക്കാറിനെ സ്വന്തം മണ്ഡലമായ ധൻപൂരിലെത്തിയതോടെ ബി.ജെ.പി പ്രവർത്തകർ തടഞ്ഞതോടെയാണ് സംഘർഷത്തിന് തുടക്കം. ധൻപൂരിലെ കതാലിയയിൽ ഒരു രാഷ്ട്രീയ പരിപാടിയിൽ പങ്കെടുക്കാനെത്തിയ അദ്ദേഹത്തിൻറെ വാഹനവ്യൂഹത്തെ ബി.ജെ.പി പ്രവർത്തകർ തടയുകയായിരുന്നു.

തുടർന്ന് സി.പി.എം പ്രവർത്തകർ പ്രദേശത്ത് തടിച്ചുകൂടുകയും മണിക് സർക്കാറിന് സംരക്ഷണ കവചം ഒരുക്കുകയും ചെയ്തു. ഇതോടെയാണ് സംഘർഷം ഉടലെടുത്തത്. 10ൽ അധികം പേർക്ക് പരിക്കേറ്റതായാണ് അനൗദ്യോഗിക വിവരം. എന്നാൽ ഇരുപാർട്ടികളിലെയും ആറുപേർക്കാണ് പരിക്കേറ്റതെന്ന് ബി.ജെ.പി നേതാവും മന്ത്രിയുമായ സുശാന്ത ചൗധരി പറഞ്ഞു.

സംഘർഷ സാധ്യത കണക്കിലെടുത്ത് പരിപാടി നടത്തരുതെന്ന് മണിക് സർക്കാറിനോടും എം.എൽ.എ ശ്യാംലാൽ ചക്രവർത്തിയോടും പൊലീസ് ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ഇടതുപാർട്ടി പ്രവർത്തകർ ധൻപൂരിൽനിന്ന് മൂന്നുകിലോമീറ്റർ അകലെ മനുഷ്യചങ്ങല തീർത്തു. അവിടെയും ബി.ജെ.പി പ്രവർത്തകർ പ്രതിഷേധവുമായെത്തിയതോടെ വീണ്ടും സംഘർഷം ഉടലെടുക്കുകയായിരുന്നു. പ്രദേശത്ത് പൊലീസെത്തി കണ്ണീർവാതകവും പ്രയോഗിച്ചു


Share now