ഇരട്ടസഹോദരങ്ങളുടെ ആത്മഹത്യ: മൃതദേഹവുമായി ബാങ്കിന് മുന്നിൽ പ്രതിഷേധിക്കാനെത്തിയവരെ തടഞ്ഞ് പോലീസ്; 200 മീറ്റർ അകലെയുള്ള നാലുവരിപ്പാതയിലാണ് ആംബുലൻസ് തടഞ്ഞത്

Share now

കോട്ടയം: കടുവാക്കുളത്ത് ജീവനൊടുക്കിയ ഇരട്ട സഹോദരങ്ങളുടെ മൃതദേഹവുമായി കോട്ടയം മണിപ്പുഴ അർബൻ സഹകരണ ബാങ്കിന് മുന്നിൽ പ്രതിഷേധിക്കാനുള്ള നീക്കം തടഞ്ഞ് പോലീസ്. ബാങ്കിന് 200 മീറ്റർ അകലെ കോടിമത നാലുവരിപ്പാതയിലാണ് ആംബുലൻസ് തടഞ്ഞത്.

കൊച്ചുപറമ്പിൽ ഫാത്തിമാബീവിയുടെ മക്കളായ നിസാർ ഖാൻ,നസീർ ഖാൻ എന്നിവരുടെ മൃതദേഹങ്ങൾ ചൊവ്വാഴ്ച ഉച്ചക്ക് ഒരുമണിയോടെയാണ് പോസ്റ്റ്‌മോർട്ടം കഴിഞ്ഞ് വിട്ടുകിട്ടിയത്. മക്കളുടെ മൃതദേഹങ്ങളെ അനുഗമിച്ച ഫാത്തിമ ബീവിയുടെ വിലാപവും ഇതിനിടെ നൊമ്പരമുണർത്തുന്ന കാഴ്ചയായി.

മൃതദേഹം വഹിച്ചുള്ള യാത്ര തടഞ്ഞതോടെ കോടിമത നാലുവരിപ്പാതയിൽ അരമണിക്കൂറോളം ഗതാഗതം തടസമുണ്ടായി. ചങ്ങനാശ്ശേരി, കോട്ടയം ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്തെത്തിയിരുന്നു. എസ്.ഡി.പി.ഐ പ്രവർത്തകരും പൊലീസും തമ്മിൽ തർക്കം ഉണ്ടായി. ഇതിനിടയിൽ കോൺഗ്രസ് പ്രവർത്തകരും സ്ഥലത്തെത്തി. മൃതദേഹങ്ങൾ വീട്ടിലേയക്ക് കൊണ്ടുപോകണമെന്നായിരുന്നു ഇവരുടെ ആവശ്യം.വായ്പ തിരിച്ചടവ് മുടങ്ങിയ വിഷയം ചർച്ച ചെയ്യാമെന്ന തഹസിൽദാരുടെ ഉറപ്പിനെതുടർന്ന് മൃതദേഹം താഴത്തങ്ങാടി ജുമാ മസ്ജിദിലേക്ക് സംസ്‌ക്കാരത്തിന് കൊണ്ടുപോയി.

ഇരട്ട സഹോദരങ്ങളായ നിസാർ ഖാന്റെയും നസീർ ഖാന്റെയും ആത്മഹത്യ കേരള മനസ്സാക്ഷിയെ തന്നെ ഞെട്ടിച്ചിരിക്കുന്ന ഒരു സംഭവമാണ്. കടുവാക്കുളം കൊല്ലാട് പുതുപ്പറമ്പിൽ സഹോദരങ്ങളായ ഇവരുടെ മരണം വിശ്വസിക്കാനാവാതെ സുഹൃത്തുക്കളും നാട്ടുകാരും. കോവിഡ് കാരണം ജോലി നഷ്ടപ്പെട്ടവരാണ് ഇവർ. സാമ്പത്തിക ബുദ്ധിമുട്ടും, ബാങ്കിലെ വായ്പ തിരിച്ചടവ് മുടങ്ങിയതോടെ നിരാശയിലായിരുന്ന ഇരുവരും ആത്മഹത്യ ചെയ്തു.

കൂലിപ്പണിക്ക് പോയിരുന്നെങ്കിലും അതും കിട്ടിയിരുന്നത് വല്ലപ്പോഴൂം മാത്രമായിരുന്നു. ഇതോടെയാണ് വീട് വാങ്ങാൻ ബാങ്കിൽ നിന്നെടുത്ത വായ്പ തിരിച്ചടക്കാൻ കഴിയാതായത്. സഹകരണബാങ്കിൽ ഇരുവർക്കും 12 ലക്ഷത്തോളം രൂപ ബാധ്യതയുണ്ടായിരുന്നു.

ബാങ്കുകാർ വീട്ടിൽ വന്നത് നസീറിനെയും നിസാറിനെയും മനോവിഷമത്തിലാക്കിയിരുന്നു. സംഭവത്തെതുടർന്ന് ഇരുവരും അധികം പുറത്തിറങ്ങിയിരുന്നില്ല. വീട്ടിൽ ജപ്തി നോട്ടീസ് പതിച്ചാൽ നാണക്കേടാവുമെന്ന് ഇരുവരും കൂട്ടുകാരോട് പറയുമായിരുന്നത്രെ. എന്നാൽ ജീവനൊടുക്കാൻ തക്ക മാനസിക വിഷമത്തിലായിരുന്നു ഇവരെന്ന് ആരും തിരിച്ചറിഞ്ഞില്ല.


Share now