സ്പീക്കറെ നീക്കാനുള്ള പ്രമേയം നിയമസഭയിൽ; സ്വർണക്കടത്ത്, ഡോളർക്കടത്ത് പ്രതികളുമായുള്ള ശ്രീരാമകൃഷ്ണന്റെ ബന്ധം ഉയർത്തി പ്രതിപക്ഷം; കളിയാക്കൽ വൺവേ ട്രാഫിക്കല്ലെന്ന് ജി.സുധാകരനോട് എം.ഉമ്മർ

Share now

തിരുവനന്തപുരം: സ്വര്‍ണക്കടത്ത്, ഡോളർക്കടത്ത് കേസുകളിൽ ആരോപണ വിധേയനായ സ്പീക്കർ ശ്രീരാമകൃഷ്ണനെ നീക്കം ചെയ്യണമെന്ന പ്രമേയത്തിൽ നിയമസഭയിൽ ചർച്ച നടക്കുന്നു. എം.ഉമ്മർ എം.എൽ.എയാണ് പ്രമേയം അവതരിപ്പിച്ചത്. മാധ്യമ വാർത്തകൾക്കെതിരെ സ്പീക്കർ നിയമ നടപടി സ്വീകരിച്ചില്ല. സ്പീക്കറെ ജയിലിലടക്കാനോ അദ്ദേഹത്തിന്‍റെ അന്തസിനെ തരംതാഴ്ത്താനോ അല്ല പ്രമേയം അവതരിപ്പിക്കുന്നത്. നിയമസഭയുടെ അന്തസ് ഉയർത്തി പിടിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് ഉമ്മർ പറഞ്ഞു.

ശ്രീരാമകൃഷ്ണനെതിരായ പ്രമേയം ക്രമപ്രകാരമല്ലെന്ന മന്ത്രി ജി സുധാകരന്റെ പ്രസ്താവനയ്ക്കെതിരെ രൂക്ഷമായ വിമർശനമാണ് എം ഉമ്മർ എം.എൽ.എ ഉന്നയിച്ചത്. കളിയാക്കൽ വൺവേ ട്രാഫിക്കല്ലെന്നും ഇങ്ങോട്ട് കളിയാക്കിയാൽ തിരിച്ചും കളിയാക്കുമെന്നും ഉമ്മർ പറഞ്ഞു. എപ്പോഴും തലയില്‍ കയറാൻ വരേണ്ടെന്നും സഭയിൽ പ്രമേയാവതരണത്തിനിടെ ഉമ്മർ പറഞ്ഞു. സഭയുടെ അന്തസാണ് പ്രധാനം. 20 അംഗങ്ങൾ പ്രമേയത്തെ പിന്തുണച്ചു. തുടർന്നാണ് പ്രമേയത്തിന് ഡപ്യൂട്ടി സ്പീക്കർ വി.ശശി അനുമതി നൽകിയത്.

കേരള നിയമസഭയുടെ ചരിത്രത്തില്‍ ഇത് മൂന്നാം തവണയാണ് സ്പീക്കറെ നീക്കം ചെയ്യുന്നതിനുള്ള പ്രമേയം ചര്‍ച്ചയ്‌ക്കെടുക്കുന്നത്. സ്വര്‍ണ കടത്ത് – ഡോളര്‍ കടത്ത് കേസുകളും നിയമസഭയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളിലെ ധൂര്‍ത്തുമാണ് പ്രതിപക്ഷം സ്പീക്കര്‍ക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍. സഭയിലെ ഏക ബി.ജെ.പി അംഗമായ ഒ. രാജഗോപാൽ പ്രമേയം അവതരിപ്പിക്കുന്നതിനെ അനുകൂലിച്ച് എഴുന്നേറ്റു.


Share now