ഭീമ-കൊറേഗാവ് കേസ് : ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി തെലുഗു കവി വരവരറാവുവിന് ഉപാധികളോടെ ആറ് മാസത്തെ ജാമ്യം

Share now

മുംബൈ: ഭീമ-കൊറേഗാവ് കേസില്‍ രണ്ടര വര്‍ഷമായി തടവില്‍ കഴിയുന്ന തെലുഗു കവി വരവരറാവുവിന് ജാമ്യം അനുവദിച്ചു. ബോംബെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയിന്‍ മേലാണ് ഉപാധികളോടെ ജാമ്യം നല്‍കിയിരിക്കുന്നത്. എണ്‍പതുകാരനായ ഇദ്ദേഹത്തിന് ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് അപേക്ഷയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. ജാമ്യ കാലയളവില്‍ ഭീമകൊറേഗാവ് കേസ് കൈകാര്യം ചെയ്യുന്ന പ്രത്യേക എന്‍ഐ.എ കോടതി പരിധിയില്‍ തന്നെ കഴിയണം.

മുംബൈയില്‍ തന്നെ തുടരാനും ആവശ്യപ്പെടുന്ന സമയത്തെല്ലാം അന്വേഷണത്തിന് ഹാജരാകാനും റാവുവിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇദ്ദേഹത്തിന്റെ പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കേണ്ടി വരും. കൂടാതെ കേസില്‍ ഉള്‍പ്പെട്ടിരിക്കുന്ന മറ്റ് വ്യക്തികളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതില്‍ നിന്നും കോടതി വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. കേസില്‍ വിചാരണ കാത്തിരിക്കുന്ന അദ്ദേഹം 2018 ആഗസ്റ്റ് 28 മുതല്‍ കസ്റ്റഡിയിലാണ്. വരവരറാവുവിന് ജാമ്യം അനുവദിച്ചില്ലെങ്കില്‍ ഒരു പൗരന്റെ മൗലികാവകാശങ്ങള്‍ ഹനിക്കുകയാണ് ചെയ്യുന്നതെന്നും കോടതി ചൂണ്ടിക്കാണിച്ചു.

ജയിലിലില്‍ കഴിയുന്ന അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മോശമായതോടെ ആശുപത്രിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ ആദ്യം സര്‍ക്കാര്‍ ആശുപത്രിയായ ജെ.ജെ.ആശുപത്രിയിലേക്ക് മാറ്റി. അവിടെ നിന്നാണ് നാനാവതിയിലേക്ക് മാറ്റുന്നത്.


Share now