വാളയാര്‍ കേസില്‍ നേരറിയാന്‍ സി.ബി.ഐ; തിരുവനന്തപുരം യൂണിറ്റ് എസ്.പി. നന്ദകുമാരന്‍ നായര്‍ അമ്മയുടെ മൊഴിയെടുത്തു, വിശദമായ അന്വേഷണം തുടങ്ങി

Share now

പാലക്കാട്: വാളയാര്‍ കേസില്‍ സി.ബി.ഐ. സംഘം അന്വേഷണം തുടങ്ങി. അന്വേഷണച്ചുമതലയുള്ള സി.ബി.ഐ തിരുവനന്തപുരം യൂണിറ്റ് എസ്.പി. നന്ദകുമാരന്‍ നായര്‍, ഡിവൈ.എസ്.പി. ടി.പി. അനന്തകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് വാളയാറിലെത്തിയത്. സി.ബി.ഐ. സംഘം പെണ്‍കുട്ടികളുടെ അമ്മയുടെ മൊഴി വിശദമായി രേഖപ്പെടുത്തി. പെണ്‍കുട്ടികളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ ഷെഡ്ഡിലും പരിശോധന നടത്തി.

കേസില്‍ ആദ്യം അന്വേഷണം നടത്തിയെ മുന്‍ വാളയാര്‍ എസ്.ഐ. ചാക്കോയെയും മൊഴിയെടുക്കാനായി സി.ബി.ഐ. വിളിച്ചുവരുത്തിയിട്ടുണ്ട്. ഡിവൈ.എസ്.പി. സോജന്റെ മൊഴിയും രേഖപ്പെടുത്തും. അന്വേഷണത്തിന്റെ ഭാഗമായി സി.ബി.ഐ. സംഘം എത്രദിവസം പാലക്കാട്ട് തങ്ങുമെന്നതില്‍ വ്യക്തതയില്ല.

വാളയാര്‍ പെണ്‍കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് രണ്ട് കേസുകളാണ് സി.ബി.ഐ. രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രണ്ട് എഫ്.ഐ.ആറുകളും നേരത്തെ പാലക്കാട് പോക്സോ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.


Share now