വനിതാ കമ്മീഷന്‍ അധ്യക്ഷ വയോധികയെ അധിക്ഷേപിച്ചിട്ടും സ്ത്രീ ശാക്തീകരണ വാദികളേ, നിങ്ങളെവിടെ?; ഈ അഹന്തയ്‌ക്കെതിരെ ഉരിയാടാന്‍ നിങ്ങള്‍ക്ക് നാവില്ലേ?; നിങ്ങളെന്തിന് ഒട്ടകപ്പക്ഷികളായി നില്‍ക്കുന്നുവെന്ന് എഴുത്തുകാരി സുധക്കുട്ടി

Share now

വനിതാ കമ്മീഷനിലെ അധികാരക്കസേരയില്‍ അമര്‍ന്നിരിക്കുന്ന ഒരു സ്ത്രീ ദീനാനുകമ്പ ഇരന്ന് കമ്മീഷനെ സമീപിച്ച വയോധികയ്ക്ക് മേല്‍ നടത്തുന്ന തട്ടിക്കയറ്റം പുറത്തുവന്നിട്ടും എന്തേ സ്ത്രീ ശാക്തീകരണവാദികള്‍ കമാന്ന് ഒരക്ഷരം മിണ്ടുന്നില്ലായെന്ന് എഴുത്തുകാരി സുധക്കുട്ടി. അയല്‍വാസിയുടെ ആക്രമത്തെ തുടര്‍ന്ന് കിടപ്പിലായ വയോധിക ലക്ഷ്മിക്കുട്ടിയമ്മ നേരിട്ട് ഹാജരായി മൊഴി നല്‍കണമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈനിന്റെ നിലപാടിനെതിരെയാണ് സുധക്കുട്ടിയുടെ രൂക്ഷ വിമര്‍ശനം.

(ജോസഫൈനിന്‍റെ വിവാദമായ ഫോണ്‍ സംഭാഷണം-ഓഡിയോ)

‘ 89 വയസ്സുള്ള തള്ളയെക്കൊണ്ട് പരാതികൊടുപ്പിക്കാന്‍ ആര് പറഞ്ഞു എന്നാക്രോശിച്ചുകൊണ്ടായിരുന്നു വയോധികയായ ലക്ഷ്മിക്കുട്ടിയമ്മയുടെ ബന്ധു ഉല്ലാസിന് നേരെ ജോസഫൈനിന്റെ ഫോണിലൂടെയുള്ള ആക്രോശം. ഉല്ലാസ് ഈ സംഭാഷണം റെക്കോര്‍ഡ് ചെയ്ത് മാധ്യമങ്ങള്‍ക്ക് നല്‍കിയതിനെതുടര്‍ന്നാണ് വനിതാകമ്മീഷന്‍ അധ്യക്ഷയുടെ നിരുത്തരവാദപരമായ സംഭാഷണം പുറം ലോകം അറിഞ്ഞത്. വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ അത്യന്തം മനുഷ്യത്വരഹിതമായ പെരുമാറ്റത്തിനെതിരെ വനിതാ സംഘടനകളുടെയും നേതാക്കളുടെയും മൗനത്തിനെതിരെയാണ് സുധക്കുട്ടി വിമര്‍ശനം ഉയര്‍ത്തിയിരിക്കുന്നത്.

എന്തൊരു അഹന്തയാണ് ,
എന്തൊരു ധാര്‍ഷ്ട്യമാണ് ,
പാര്‍ട്ടിയുടെ ലേബലിളക്കി മാറ്റിയാല്‍
പിന്നെ ഈ വനിത ആരാണ് ,
എന്താണ് ഇവര്‍ നാടിന് ചെയ്ത
സേവനം, നന്മ , കരുണ ? എന്നാണ് ജോസഫൈനെക്കുറിച്ച് സുധക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. വിനയവും, വിവേകവും, പക്വതയുമുള്ളവര്‍ ഇരിക്കേണ്ട സ്ഥാനത്താണ് ഇത്തരക്കാര്‍ വന്ന് ചടഞ്ഞുകൂടിയിരിക്കുന്നത്. കമ്മീഷനില്‍ യോഗ്യരായവര്‍ എത്തിയില്ലെങ്കില്‍ സര്‍ക്കാരിന് തന്നെ അത് ബാധ്യതയാകും. കാലാകാലങ്ങളില്‍ നമ്മളത് കാണുകയും അനുഭവിക്കുകയും ചെയ്യും എന്നാണ് സുധക്കുട്ടിയുടെ നിരീക്ഷണം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:

വനിതാ കമ്മീഷനിലെ അധികാരക്കസേരയില്‍ അമര്‍ന്നിരിക്കുന്ന
ഒരു സ്ത്രീ ദീനാനുകമ്പ ഇരന്ന് കമ്മീഷനെ സമീപിച്ച വയോധികയ്ക്ക് മേല്‍ നടത്തുന്ന തട്ടിക്കയറ്റം പുറത്തുവന്നിട്ടും എന്തേ സ്ത്രീ ശാക്തീകരണവാദികള്‍ കമാന്ന് ഒരക്ഷരം മിണ്ടണില്ല ??
കക്ഷി രാഷ്ട്രീയത്തിന്റെ പുറന്തോട് വിട്ട് ആരും പുറത്ത് വരുന്നില്ല!
ശാരദക്കുട്ടിയും ലക്ഷ്മിരാജീവും പ്രതികരിച്ചു കണ്ടു. അവര്‍ക്ക് ഭയക്കാനെന്തുള്ളൂ !
വിപ്ലവ വായാടികളെ ഞാനറിയാതെ പോയതാണോ , ആവോ ?
89 വയസ്സുള്ള ദരിദ്രയായ സ്ത്രീയല്ലേ ,
അവര്‍ക്കെന്ത് പൗരാവകാശം , ല്ലേ ?
എന്തൊരു അഹന്തയാണ് ,
എന്തൊരു ധാര്‍ഷ്ട്യമാണ് ,
പാര്‍ട്ടിയുടെ ലേബലിളക്കി മാറ്റിയാല്‍
പിന്നെ ഈ വനിത ആരാണ് ,
എന്താണ് ഇവര്‍ നാടിന് ചെയ്ത
സേവനം, നന്മ , കരുണ ?


എന്റെ സുഹൃത്തുക്കളേറെയും ഇടതുപക്ഷാനുഭാവികളാണ്. അനീതി കണ്ടാല്‍ പൊട്ടിത്തെറിക്കുന്നവരാണ്.
സത്യത്തെ നേരിടേണ്ടി വരുമ്പോള്‍ ചിലപ്പോഴെങ്കിലും ചിലര്‍ ഒട്ടകപക്ഷികളാവുന്നതെന്ത് കൊണ്ടാവും?
ഈ സര്‍ക്കാര്‍ അധികാരത്തിലേറുന്നതിന് തൊട്ടു മുന്‍പ് ഒരു സ്ത്രീ എന്നെ കാണാന്‍ വന്നു. വനിതാ കമ്മീഷനിലെങ്ങനേലും കേറി പറ്റണം!


എത്ര ശമ്പളം കിട്ടും, ചുവന്ന ബോര്‍ഡ് വച്ച കാറു കിട്ടുമോ ,അധികാരസീമ എത്രടം ? സുഗതകുമാരി അമ്മ ഇരുന്ന കസേരയായിരുന്നു അവരുടെ ലക്ഷ്യം .
ഭരണകക്ഷി യിലെ വലിയ മൂന്ന് നേതാക്കന്മാര്‍ കയ്യിലുണ്ട് ,
മൂന്ന് പേരും പാതിരാ വിളികളില്‍ നിര്‍ലോപം
വാഗ്ദാനം നല്‍കിയിട്ടുമുണ്ട്.
അവരുടെ ആഗഹം നടന്നില്ല. അവര്‍ നിരാശയോടെ പറഞ്ഞു ,
അടുത്ത സര്‍ക്കാര്‍ വരട്ടെ . മൂന്നല്ല മുന്നൂറ് പേരെ നിരത്താന്‍ എനിക്ക് കഴിയും …


അക്കാര്യത്തില്‍ എനിക്ക് ഒട്ടും സംശയമുണ്ടായിരുന്നില്ല.
കമ്മീഷനുകളില്‍ യോഗ്യരായവര്‍ എത്തിയില്ലെങ്കില്‍ സര്‍ക്കാരിന് അത് ബാധ്യതയാവും. കാലാകാലങ്ങളായ് നമ്മളത് കാണുന്നു, സഹിക്കുന്നു. സഹപ്രവര്‍ത്തകരോട് പോലും
പകയോടെ , അസഹിഷ്ണുതയോടെ പെരുമാറുന്ന പ്രത്യേക ഇനങ്ങളാണ് പലരും.
സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റചട്ടങ്ങളുടെ ചങ്ങലയ്ക്ക്ക ത്തായതിനാല്‍ അമര്‍ഷം ഉള്ളിലൊതുക്കുന്നവര്‍ക്കും ഒരു ദിവസം ഉണ്ടാകുമെന്ന് ഓര്‍ക്കുന്നത് നന്ന്..
വിനയവും വിവേകവും പക്വതയുമുള്ളവര്‍ വനിതാ കമ്മീഷനിലുണ്ട് എന്നറിയാഞ്ഞല്ല ,
പക്ഷേ നഞ്ചെന്തിന് നാനാഴി ?


Share now